കണ്ണൂർ: കളിച്ചും പഠിച്ചും വളർന്ന നാട്ടിൽ ഡോക്‌ടർ ആയി എത്തിയപ്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയായിരുന്നു തലശ്ശേരി വടക്കുമ്പാട് എസ്എൻ പുരത്തെ ഡോ. അശ്വിൻ മുകുന്ദന്റെ മനസിൽ. സ്വന്തം നാട്ടിൽ സൗജന്യ പരിശോധനയൊരുക്കിയാണ് അദ്ദേഹം മാതൃകയായത്. എല്ലാ മാസത്തേയും ആദ്യ ഞായറാഴ്‌ചയാണ് സൗജന്യ വൈദ്യപരിശോധനാ ക്യാമ്പ്.
എസ്എൻ പുരം ശ്രീനാരായണ ലൈബ്രറിയാണ് പരിശോധനാകേന്ദ്രം. ഇപ്പോൾ പരിശോധനാ ദിവസം ശരാശരി അൻപതോളം രോഗികൾ ചികിൽസക്കായി എത്തുന്നുണ്ട്. രാവിലെ 7.30 മുതൽ രോഗികൾ തീരുന്നതുവരെയാണ് പരിശോധന. ചികിൽസാ വിവരമറിഞ്ഞ് നാട്ടുകാരല്ലാത്തവരും ഡോക്‌ടറെ സമീപിക്കാറുണ്ട്.
തലശ്ശേരി ബിഇഎംപി സ്‌കൂളിലെ ഹൈസ്‌കൂൾ പഠനകാലം വരെ നാട്ടിലെ ശ്രീനാരായണ വായനശാലയിലെ നിത്യ സന്ദർശകനായിരുന്നു അശ്വിൻ. ജനറൽ മെഡിസിൻ പൂർത്തിയാക്കിയ ശേഷം അശ്വിൻ ഡയബറ്റോളജി കോഴ്‌സും പൂർത്തിയാക്കി.
അശ്വിന്റെ പരിശോധനാ ദിവസംതന്നെ ലൈബ്രറിയുടെ നേതൃത്വത്തിൽ ഇവിടെ സൗജന്യ പ്രമേഹ-രക്‌തസമ്മർദ പരിശോധനയും നടത്തുന്നുണ്ട്. കോഴിക്കോട്ടെ ഡോ. മോഹൻസ് ഡയബറ്റിസ് സ്‌പെഷ്യാലിറ്റി സെന്ററിലെ ചീഫ് കൺസൾട്ടന്റാണ് അശ്വിൻ. കഴിഞ്ഞ വർഷം രണ്ട് സുപ്രധാന അവാർഡുകൾ ഇദ്ദേഹത്തെ തേടിയെത്തിയിരുന്നു.
പ്രമേഹ ചികിൽസാ ഗവേഷകരുടെ ദേശീയ സംഘടനയായ ആർഎസ്എസ്‌ഡിഐ (റിസർച്ച് സൊസൈറ്റി ഫോർ ദ സ്‌റ്റഡി ഓഫ് ഡയബറ്റിസ് ഇൻ ഇന്ത്യ)യുടെ ദേശീയ പുരസ്‌കാരവും ഡയബറ്റീസ് ഇന്ത്യ അവാർഡുമാണ് അദ്ദേഹത്തെ തേടിയെത്തിയത്. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡണ്ടും റിട്ട. അധ്യാപകനുമായ മുകുന്ദൻ മഠത്തിലിന്റേയും അധ്യാപിക എംസി വിജയലക്ഷ്‌മിയുടെയും മകനാണ്. ഡോ. പ്രിയങ്ക കശ്യപാണ് ഭാര്യ.
Most Read: പ്രണയ ദിനത്തിൽ റൊമാന്റിക് മെലഡിയുമായി ചാക്കോച്ചൻ; ‘ഒറ്റി’ലെ ആദ്യഗാനമെത്തി