മലപ്പുറം: യൂത്ത് ലീഗിന്റെ ശക്തമായ പ്രതിഷേധം അവഗണിച്ച് മലപ്പുറം, മക്കരപ്പറമ്പ് പഞ്ചായത്തില്‍ സുഹറാബി കാവുങ്ങലിനെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു സുഹറാബിയെ തിരഞ്ഞെടുത്തത്. പുതിയ പഞ്ചായത്ത് പ്രസിഡണ്ടിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും യൂത്ത് ലീഗും തമ്മിലുള്ള തർക്കം ഇന്നലെ സംഘർഷത്തിൽ എത്തിയിരുന്നു.
നാടകീയ സംഭവങ്ങളാണ് ഇന്നലെ അരങ്ങേറിയത്. യുവാക്കൾക്ക് പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച യൂത്ത് ലീഗ് പ്രവർത്തകർ മുസ്ലിം ലീഗ് നേതാക്കളെ ഓഫിസിൽ പൂട്ടിയിട്ടാണ് പ്രതിഷേധിച്ചത്. മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളെയാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഓഫിസിൽ പൂട്ടിയിട്ടത്. യൂത്ത് ലീഗ് പ്രതിനിധിയെ പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത് മനപൂര്‍വം ഒഴിവാക്കി എന്നാണ് ഇവരുടെ ആരോപണം.
നാല് പേര് ചേര്‍ന്ന് തീരുമാനമെടുക്കുക, അത് യുവാക്കള്‍ ഉൾപ്പടെ അംഗീകരിക്കുക എന്ന പതിവ് നടപടി നടക്കില്ലെന്ന് യൂത്ത് ലീഗ് നിലപാടെടുത്തിരുന്നു. തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ പാർടി പരിഗണിച്ചില്ലെന്നും യൂത്ത് ലീഗ് ഭാരവാഹികള്‍ കുറ്റപ്പെടുത്തിയിരുന്നു.
എന്നാൽ, മക്കരപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന സുഹറാബി കാവുങ്ങല്‍ തന്നെ പ്രസിഡണ്ട് ആകുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി സൈദ് അബു തങ്ങള്‍ തറപ്പിച്ച് പറഞ്ഞു. പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് മുഹമ്മദാലിയും പറഞ്ഞിരുന്നു.
പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന സി കോയ കോവിഡ് ബാധിച്ചു മരിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കേണ്ടി വന്നത്. 13 അംഗ ഭരണസമിതിയിൽ മുസ്ലിം ലീഗിന് 10 അംഗങ്ങളുണ്ട്.
യൂത്ത് ലീഗിന്റെ പ്രതിനിധിയായ അനീസ് മഠത്തിലിനെ പഞ്ചായത്ത് പ്രസിഡണ്ട് ആക്കണം എന്നായിരുന്നു സംഘടനയുടെ ആവശ്യം. എന്നാൽ, ഈ ആവശ്യത്തിന് വഴങ്ങേണ്ടെന്ന് മുസ്ലിം ലീഗ് പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു.
Most Read: ജില്ലയിൽ മധുരം നിറച്ച് കാട്ടുതേൻ; സംഭരണത്തിൽ റെക്കോർഡ് വർധനവ്






































