കോഴിക്കോട്: ദമ്പതികളെ ബന്ദിയാക്കി മോഷണം നടത്തിയ പ്രതി പിടിയിൽ. ഒളവണ്ണ കമ്പിളിപ്പറമ്പ് സ്വദേശി സൽമാൻ ഹാരിസിനെയാണ് (24) കോഴിക്കോട് ടൗൺ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഒക്‌ടോബർ ഒമ്പതിന് അർധരാത്രി ആണ് മോഷണം നടന്നത്. വലിയങ്ങാടി ഗണ്ണി സ്ട്രീറ്റ് ചാക്കാരിട മുഷ്‌താഖ് റോഡിലെ പിഎ ഹൗസ് വളപ്പിലുള്ള സലാമിന്റെ വീട്ടിലാണ് മോഷണം നടന്നത്.
അർധരാത്രി ജനലഴികൾ മുറിച്ചാണ് മോഷ്‌ടാവ് വീട്ടിൽ കയറിയത്. സലാമും ഭാര്യയും ഉറങ്ങിക്കിടന്ന മുറി ഷാൾ ഉപയോഗിച്ച് പുറത്ത് നിന്ന് പൂട്ടുകയായിരുന്നു. തുടർന്ന്, മുകൾ നിലനിലയിൽ ആളില്ലാത്ത മുറിയിലെത്തി അലമാരയിൽ നിന്ന് സാധനങ്ങൾ വലിച്ചുവാരിയിട്ടു. പിന്നീട് താഴെ നിലയിലുള്ള സലാമിന്റെ മകൾ ആയിഷയുടെ മുറിയിലെത്തി.
ഹാരിസിനെ കണ്ട് ബഹളം വെച്ച ആയിഷയുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞു ഒരു പവന്റെ ബ്രേസ്‌ലെറ്റുമായി പ്രതി കടന്നുകളയുകയായിരുന്നു. മാതാപിതാക്കൾ ആയിഷയുടെ കരച്ചിൽ കേട്ടെങ്കിലും ഇവർക്ക് മുറി തുറന്ന് പുറത്ത് കടക്കാനായില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കസബ, പന്നിയങ്കര, മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധിയിലെ നിരവധി മോഷണ കേസുകൾ സൽമാൻ ഹാരിസ് പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
Most Read: സംസ്‌ഥാനത്ത് പതിനൊന്ന് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്




































