തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനക്ക് പിന്നാലെ കോവിഡ് ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് ക്ഷാമം. രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയും, മറ്റ് സംസ്‌ഥാനങ്ങൾ മരുന്നുകൾക്കായി കേരള വിപണിയെ ആശ്രയിക്കുന്നതുമാണ് ഇപ്പോൾ മരുന്നുകൾക്ക് ക്ഷാമം ഉണ്ടാകാൻ കാരണമായത്.
കോവിഡ് ഗുരുതരമാകുന്ന രോഗികളിൽ ചികിൽസയുടെ രണ്ടാം ഘട്ടത്തിൽ ഉപയോഗിക്കുന്ന ഡെക്‌സാമെത്തസോൺ, മീഥൈൽ പ്രെഡ്നിസോൾ തുടങ്ങിയ സ്‌റ്റിറോയ്ഡ് മരുന്നുകൾ, രക്‌തം കട്ടപിടിക്കാതിരിക്കാൻ ഉപയോഗിക്കുന്ന ഹെപാരിൻ വിഭാഗത്തിൽ പെടുന്ന മരുന്നുകൾ എന്നിവക്കാണ് നിലവിൽ സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ ക്ഷാമം. ഇതിനൊപ്പം തന്നെ ബ്ളാക്ക് ഫംഗസ് രോഗം സ്‌ഥിരീകരിക്കുന്ന ആളുകൾക്ക് നൽകുന്ന മരുന്നുകളും കേരളത്തിൽ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്.
കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളിൽ ബ്ളാക്ക് ഫംഗസ് ബാധിക്കുന്നത് കേരളത്തിൽ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരം രോഗികൾക്ക് നൽകേണ്ട മരുന്നുകളും സംസ്‌ഥാനത്ത് കുറയുന്നത്. മരുന്നുകൾ നിർമിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത വസ്‌തുക്കൾ വിദേശ രാജ്യങ്ങളിൽ നിന്ന് എത്താൻ വൈകുന്നതിനാൽ ഉൽപാദനം പെട്ടെന്ന് കൂട്ടുന്നതിൽ പ്രതിസന്ധിയുണ്ടെന്നാണ് മരുന്ന് കമ്പനികൾ നൽകുന്ന വിവരം.
Read also : ട്രിപ്പിൾ ലോക്ക്ഡൗൺ ലംഘനം; തേഞ്ഞിപ്പലത്ത് കസ്‌റ്റഡിയിൽ എടുത്തത് 70 വാഹനങ്ങൾ





































