മഞ്ചേരി: പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും മാല മോഷ്ടിച്ച് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയും ഇപ്പോൾ കോഴിക്കോട് ഈങ്ങാപ്പുഴ കാക്കവയലിൽ താമസക്കാരനുമായ പാറമ്മൽ ബഷീർ (46)ആണ് പിടിയിലായത്.
പൂക്കോട്ടൂർ സ്വദേശിയുടെ വീട്ടിൽ വെള്ളം ചോദിച്ചെത്തിയ ഇയാൾ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന്റെ കഴുത്തിൽ നിന്നും സ്വർണമാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ മാല പൊട്ടിക്കൽ, മോഷണം, കവർച്ച തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി.
വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ ഇയാളെ കോടതി പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. മുൻപ് മോഷണക്കേസിൽ മഞ്ചേരി പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ എസ്കോർട്ട് വന്ന പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലും ഇയാളെ മഞ്ചേരി സിജെഎം കോടതി ശിക്ഷിച്ചിട്ടുണ്ട്.
മഞ്ചേരി പോലീസ് ഇൻസ്പെക്ടർ സി അലവിയുടെ നേതൃത്വത്തിൽ എസ്ഐമാരായ നാസിറുദ്ദീൻ നാനാക്കൽ, ജെ ജയ്സൺ, എഎസ്ഐ സുഭാഷ്, സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് സലിം പൂവത്തി, ജയരാജ്, സുബൈർ, ഹരിലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Read also: തോട്ടടയില്‍ കടലില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി







































