കോഴിക്കോട്: തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ്, രണ്ടുപേർ മരിക്കാനിടയായ സാഹചര്യത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ പഠനം ആവശ്യമാണെന്ന് ആർടിഒ റിപ്പോർട്.
ഡ്രൈവറുടെ അശ്രദ്ധയാകാം അപകടത്തിന് കാരണമെന്നാണ് കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർടിഒയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് വാഹനം ഉണ്ടായിരുന്നില്ല. ബസ് അമിത വേഗതയിൽ ആയിരുന്നില്ല. ബസിന്റെ ബ്രേക്ക് സിസ്‌റ്റം വീണ്ടും പരിശോധിക്കണമെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്നലെ ഉച്ചയ്‌ക്ക് രണ്ടുമണിയോടെ തിരുവമ്പാടി- പുല്ലൂരാംപാറയ്‌ക്ക് സമീപം കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. പാലത്തിൽ നിന്ന് നിയന്ത്രണംവിട്ട ബസ് പുഴയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ബസിന്റെ മുൻഭാഗം വെള്ളത്തിലേക്ക് കുത്തി നിൽക്കുകയായിരുന്നു. ആനക്കാംപൊയിൽ സ്വദേശി ത്രേസ്യാമ്മ മാത്യു, മുണ്ടൂർ സ്വദേശി കമല വാസു എന്നിവരാണ് മരിച്ചത്.
26 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ഓർഡിനറി ബസാണ് അപകടത്തിൽപ്പെട്ടത്. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ അകപ്പെട്ട യാത്രക്കാരെ ഏറെ സാഹസികമായാണ് നാട്ടുകാർ പുറത്തെടുത്തത്. അപകടത്തിൽ മരിച്ച ത്രേസ്യാമ്മയുടെയും കമലയുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അപകടമുണ്ടായ സ്‌ഥലത്ത് മോട്ടോർവാഹന വകുപ്പും പോലീസും പരിശോധന തുടരുകയാണ്.
Most Read| ഹിസ്ബുല്ലയുടെ മുതിർന്ന നേതാക്കളെയെല്ലാം വകവരുത്തി; ഇസ്രയേൽ പ്രധാനമന്ത്രി