തിരുവമ്പാടി: തറിമറ്റത്തെ നിർധനരും രോഗികളുമായ കുടുംബത്തിന് അപേക്ഷിച്ച ഉടനെ വൈദ്യുതി എത്തിച്ച് തിരുവമ്പാടി കെഎസ്‌ഇബി അധികൃതർ മാതൃകയായി. തറിമറ്റം ഇരുമ്പൻചീടാംകുന്നത്ത് ആനന്ദിന്റെ വീട്ടിലാണ് വെളിച്ചമെത്തിയത്. ആനന്ദിന് കാഴ്‌ച ശേഷിയില്ല. ഭാര്യ ലക്ഷ്‍മി ഹൃദ്രോഗിയാണ്. മകൻ കർണാടകയിൽ വെച്ചുണ്ടായ അപകടത്തിൽപെട്ട് ചികിത്സയിൽ കഴിയുകയാണ്. ഷീറ്റ് പാകിയ കൂരയിലാണ് ഇവരുടെ താമസം.
കുടുംബത്തിന്റെ ദുരവസ്‌ഥ മനസിലാക്കി നാട്ടുകാർ രൂപവൽക്കരിച്ച സഹായസമിതിയാണ് വൈദ്യുതിക്ക് വേണ്ടിയുള്ള അപേക്ഷ നൽകിയത്. തുടർന്ന് പവർക്കോ ഇലക്‌ട്രിക്കൽസിന്റെ സഹായത്തോടെ കെഎസ്‌ഇബി അധികൃതർ തന്നെയാണ് വീട്ടിലെ വയറിങ് നടത്തി വൈദ്യുതി എത്തിച്ചത്. വൈദ്യുതിയുടെ സ്വിച്ച് ഓൺ കർമം തിരുവമ്പാടി കെഎസ്‌ഇബി അസി.എഞ്ചിനീയർ ടിജി ജോമി നിർവഹിച്ചു. പഞ്ചായത്ത് അംഗം ഷൈനി ബെന്നി, വി ഷാനവാസ്, ബിനു ജോർജ്, അപ്പു കോട്ടയിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ബിനു വടയാറ്റുകുന്നേൽ, സജിത് കൂരാപ്പിള്ളിൽ എന്നിവർ നേതൃത്വം നൽകി.
ആനന്ദിന്റെ കണ്ണിന്റെ ശസ്‌ത്രക്രിയയും ലക്ഷ്‍മിയുടെ ചികിൽസയും നേരത്തെ കെഎംസിടി മെഡിക്കൽ കോളജ് ഏറ്റെടുത്തിരുന്നു. ഇനി ഇവർക്ക് ആവശ്യം സുരക്ഷിതമായി തല ചായ്‌ക്കാൻ ഒരു വീടാണ്.
Also Read: പ്രതിഷേധം കടുത്തു; ഒഎൻവി പുരസ്‌കാരം വൈരമുത്തുവിന് നൽകിയത് പുനപരിശോധിക്കും