തിരുവനന്തപുരം: കോർപറേഷൻ പിടിക്കാൻ കെഎസ് ശബരീനാഥിനെ കളത്തിലിറക്കാൻ കോൺഗ്രസ്. ഇന്ന് ഡിസിസി ഓഫീസിൽ ചേർന്ന കോർ കമ്മിറ്റി യോത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ബിജെപിക്ക് വ്യക്‌തമായ സ്വാധീനമുള്ള കോർപറേഷനിൽ ജനകീയരായ മുതിർന്ന നേതാക്കളെ മൽസരിപ്പിക്കണമെന്ന എഐസിസിയുടെ നിർദ്ദേശത്തെ തുടർന്നാണ് ശബരിയെ കളത്തിലിറക്കുന്നത്.
കവടിയാർ വാർഡിൽ നിന്നാകും ശബരി മൽസരിക്കുക. അദ്ദേഹത്തിന്റെ വീട് സ്‌ഥിതി ചെയ്യുന്ന ശാസ്‌തമംഗലം വാർഡ് വനിതാ സംവരണമായതിനാലാണ് തൊട്ടടുത്ത വാർഡായ കവടിയാറിൽ മൽസരിക്കുന്നത്. തിരുവനന്തപുരം കോർപറേഷന്റെ ചുമതലയുള്ള കെ. മുരളീധരനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മൂന്നാം സ്‌ഥാനത്തുള്ള തിരുവനന്തപുരം കോർപറേഷനിൽ പരമാവധി സീറ്റുകൾ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശബരിയെ പോലൊരു മുൻ എംഎൽഎയെ കോൺഗ്രസ് കളത്തിലിറക്കുന്നത്. ശബരിയെ പ്രചണത്തിന് നഗരത്തിലെ യുവാക്കളെ അടക്കം ആകർഷിക്കാനാകും എന്നാകും വിലയിരുത്തൽ. കണ്ടുപഴകിയ മുഖങ്ങൾക്ക് പകരം പൊതു സ്വീകാര്യതയാണ് പാർട്ടി പ്രധാനമായും പരിഗണിച്ചത്.
പരമാവധി യുവാക്കൾക്ക് സീറ്റ് നൽകിയാകും സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുക. ഇതിനൊപ്പം മണ്ഡലം പ്രസിഡണ്ടുമാർ അടക്കമുള്ള പരിചയ സമ്പന്നരെയും പരിഗണിക്കും. ഘടകകക്ഷികൾക്ക് കൊടുക്കേണ്ടെന്ന് ഉറപ്പുള്ളതും തർക്കമില്ലാത്തതുമായ 48 വാർഡുകളിൽ സ്‌ഥാനാർഥികളെ സംബന്ധിച്ച് തീരുമാനമായി എന്നാണ് വിവരം.
ചില സീറ്റുകളിൽ കൂടി സ്‌ഥാനാർഥികളെ തീരുമാനിച്ച ശേഷം ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക ഞായറാഴ്‌ച രാത്രിയോ തിങ്കളാഴ്‌ചയോ പുറത്തുവിടും. തിങ്കളാഴ്‌ച, കെ. മുരളീധരൻ നയിക്കുന്ന വാഹനപ്രചാരണ ജാഥ ആരംഭിക്കുന്നതിന് മുന്നേ സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് കോൺഗ്രസിന്റെ നീക്കം. 101 വാർഡുകളിലൂടെയും കടന്നുപോകുന്ന ജാഥയിൽ എല്ലാ വാർഡുകളിലും പൊതുയോഗങ്ങൾ സംഘടിപ്പിക്കും.
വീണ എസ്. നായർ, എംഎസ് അനിൽ കുമാർ, ജിവി ഹരി എന്നിവരോട് അടക്കം മൽസരിക്കാൻ കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. നിലവിൽ യുഡിഎഫിന് പത്ത് സീറ്റുകൾ മാത്രമാണ് സ്വന്തമായുള്ളത്. എട്ട് സീറ്റുകൾ കോൺഗ്രസിനും രണ്ട് സീറ്റുകൾ ഘടകകക്ഷികൾക്കുമാണ്.
Most Read| പ്രതിഷേധത്തിന് ഫലം; കാർഷിക സർവകലാശാലയിൽ ഫീസ് കുറയ്‌ക്കാൻ ധാരണ








































