തിരുവനന്തപുരം: കേരള മനസാക്ഷിയെ ഞെട്ടിച്ച അരുംകൊലകൾ നടത്താൻ യുവാവിനെ പ്രേരിപ്പിച്ച കാരണങ്ങൾ തേടുകയാണ് പോലീസും നാട്ടുകാരും. സാമ്പത്തിക പ്രതിസന്ധിയെ തുർന്നുള്ള അനിശ്‌ചിതത്വമാണ് കുടുംബാംഗങ്ങളെ ഉൾപ്പടെ കൊലപ്പെടുത്താനുള്ള കാരണമെന്നാണ് യുവാവ് പോലീസിന് നൽകിയ ആദ്യ മൊഴിയെന്നാണ് പ്രാഥമിക വിവരം.
എന്നാൽ, ഇത് പോലീസ് പൂർണവിശ്വാസത്തിൽ എടുത്തിട്ടില്ല. വിവാഹം നിരസിച്ചതിലുള്ള പകയാണ് ക്രൂരകൃത്യത്തിന് യുവാവിനെ പ്രേരിപ്പിച്ചതെന്ന സൂചന കൂടി ലഭിച്ചതിനാൽ അത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇതിനുപുറമെ, സ്വന്തമായി നടത്തിയിരുന്ന ബിസിനസ് തകർന്നതും കാരണമായി പറയപ്പെടുന്നു. ഇങ്ങനെ, പലതരം നിഗമനങ്ങളുള്ളതിനാൽ കൊലപാതകങ്ങളുടെ ചുരുളഴിക്കാനുള്ള നീക്കത്തിലാണ് പോലീസ്.
75 ലക്ഷം രൂപയുടെ കടബാധ്യതയുണ്ടെന്നാണ് പ്രതി പോലീസിന് നൽകിയ മൊഴിയിലുള്ളത്. വിദേശത്ത് ബിസിനസ് നടത്തിയത് നഷ്‌ടത്തിലായി. നാട്ടുകാരിൽ നിന്ന് കുറെ പണം വാങ്ങിയതും വീട്ടാനുണ്ട്. അതിനൊപ്പം മാതാവിന് കാൻസർ ബാധിച്ചതും തീരാവേദനയായി. ഇങ്ങനെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ വീട്ടിൽ കൂട്ട ആത്‍മഹത്യയ്‌ക്ക് പദ്ധതിയിട്ടിരുന്നതായും യുവാവ് പോലീസിനോട് പറഞ്ഞെന്നാണ് വിവരം.
കല്ലറ പാങ്ങോട് താമസിക്കുന്ന മുത്തശ്ശി സൽമാബീവിയെയാണ് അഫാൻ ആദ്യം വെട്ടിക്കൊലപ്പെടുത്തിയത്. പിന്നാലെ പേരുമലയിലെ സ്വന്തം വീട്ടിൽ നിന്ന് ഒമ്പത് കിലോമീറ്റർ അകലെ താമസിക്കുന്ന പിതൃസഹോദരൻ ലത്തീഫ്, ഭാര്യ സജിതാബീവി എന്നിവരെ കൊലപ്പെടുത്തി. പിന്നാലെ പേരുമല ആർച്ച് ജങ്ഷനിലെ സ്വന്തം വീട്ടിലെത്തി സഹോദരൻ അഫ്‌സാൻ, മാതാവ് ഷമി എന്നിവരെ വെട്ടി. സഹോദരൻ മരിച്ചു. മാതാവ് ഗുരുതര പരിക്കുകളോടെ ചികിൽസയിലാണ്. ഇതേ വീട്ടിലേക്ക് പെൺസുഹൃത്തായ ഫർസാനയെ വിളിച്ചുവരുത്തി അഫാൻ വെട്ടി കൊലപ്പെടുത്തി.
തിരുവനന്തപുരം പേരുമല സ്വദേശി അഫാൻ (23) ആണ് ഇന്നലെ രാത്രി പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങി ഞെട്ടിക്കുന്ന മൊഴി നൽകിയത്. രണ്ട് മണിക്കൂറിനിടെ മൂന്ന് വീടുകളിലായി ആറുപേരെ വെട്ടിയെന്നായിരുന്നു യുവാവിന്റെ വെളിപ്പെടുത്തൽ. രാവിലെ പത്തിനും വൈകിട്ട് ആറിനുമിടയിലാണ് കൊലപാതകങ്ങൾ നടന്നതെന്നാണ് വിവരം. നിലവിൽ പോലീസ് കസ്‌റ്റഡിയിലാണ് അഫാൻ.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി