അബുദാബി: യുഎഇയിലേക്ക് പ്രവാസികൾക്കുള്ള യാത്രാതടസം നീങ്ങിയെങ്കിലും പൂർണമായും ആശ്വസിക്കാനുള്ള വകയില്ല. യുഎഇ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച താമസവിസയുള്ള ഇന്ത്യക്കാർക്ക് വ്യാഴാഴ്ച മുതൽ നിബന്ധനകളോടെ യുഎഇയിലേക്ക് തിരിച്ചുവരാമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, യുഎഇയിൽ വെച്ച് രണ്ട് ഡോസ് വാക്സിനുകളും എടുത്തവർക്കാണ് ആദ്യഘട്ടത്തിൽ രാജ്യത്തേക്ക് നേരിട്ട് കടക്കാനുള്ള അനുമതിയുള്ളത്.
ഇന്ത്യയിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരെ അടുത്ത ഘട്ടത്തിലേ പരിഗണിക്കൂ എന്നാണ് വിവരം. കഴിഞ്ഞ ദിവസം യാത്രാ നിയന്ത്രണം നീക്കിയുള്ള യുഎഇ അധികൃതരുടെ ഉത്തരവിൽ അവ്യക്തത നിലനിന്നിരുന്നു. എന്നാൽ, വിമാന കമ്പനികൾക്കും മറ്റും നൽകിയ നിർദ്ദേശത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
യുഎഎയിൽ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയ യുഎഇ താമസവിസയുള്ള നിർദ്ദിഷ്ട കാറ്റഗറിയിൽ പെട്ടവർക്കാണ് നാളെ മുതൽ യുഎഇയിലേക്ക് യാത്രാ അനുമതി. വാക്സിൻ രണ്ടാം ഡോസെടുത്തിട്ട് 14 ദിവസം പിന്നിട്ടവരാകണമെന്നും നിർദ്ദേശമുണ്ട്.
യുഎഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ടെക്നീഷ്യൻസ് എന്നിവരുൾപ്പെടുന്ന ആരോഗ്യപ്രവർത്തകർ, സർവകലാശാലകൾ, കോളേജുകൾ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നവർ, വിദ്യാർഥികൾ, മാനുഷിക പരിഗണന നൽകേണ്ടവരിൽ സാധുവായ താമസവിസയുള്ളവർ, ഫെഡറൽ, ലോക്കൽ ഗവ.ഏജൻസികളിൽ പ്രവർത്തിക്കുന്നവർ എന്നീ വിഭാഗങ്ങളിൽ പെട്ട എല്ലാവർക്കും ഓഗസ്റ്റ് അഞ്ച് മുതൽ യുഎഇയിലേക്ക് മടങ്ങാം. ഡോക്ടർമാർ, നഴ്സുമാർ, അധ്യാപകർ എന്നിവർക്ക് വാക്സിനേഷൻ നിർബന്ധമില്ല.
Also Read: വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനം; പ്രത്യേക നിയമം വേണമെന്ന് അലഹബാദ് ഹൈക്കോടതി






































