കോഴിക്കോട്: ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് നാദാപുരം വിലങ്ങാട് അടുപ്പിൻ കോളനിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നു. 65 കുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കുക. അടുപ്പിൻ കോളനി ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലയാണെന്ന് റവന്യൂ വകുപ്പ് അധികൃതർ പരിശോധന നടത്തി കണ്ടെത്തിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുന്നത്.
അടുപ്പിൻ കോളനിയിൽ നിന്നുള്ള 59 കുടുംബങ്ങളെയും പയനം കൂട്ടത്തിലെ നാല്, ഇരിട്ടിയിലെ രണ്ട് കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിക്കുന്നത്. ഇവർക്കായി പയനം കൂട്ടത്തിൽ ഒമ്പതര ഏക്കർ സ്ഥലം സർക്കാർ ഏറ്റെടുത്തു. ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച് ഒമ്പതര ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികളിൽ നിന്നാണ് സർക്കാർ ഏറ്റെടുത്തത്. രണ്ടര ഏക്കർ ഭൂമി കൂടി ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കളക്ടർ എൻ തേജ് ലോഹിത് റെഡ്ഢി കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചിരുന്നു. പുനരധിവാസ നടപടികൾ വേഗത്തിലാക്കാൻ വാണിമേൽ പഞ്ചായത്ത് അധികൃതർക്ക് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപയാണ് സ്ഥലത്തിനായി കണക്കാക്കിയിരിക്കുന്നത്. നാല് ലക്ഷം രൂപയ്ക്ക് വീടും പണിത് നൽകും.
Most Read: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; അടുത്ത 3 ദിവസം കേരളത്തിൽ ശക്തമായ മഴ






































