പാലക്കാട്: കൊടുമ്പിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ. കൊടുമ്പ് കരിങ്കരപ്പുള്ളി സ്വദേശികളായ ശിവൻ (32), സുഭാഷ് (39), കരിങ്കരപ്പുള്ളി ഉദയംപാടം വിനു (35) എന്നിവരെയാണ് പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തിരുവാലത്തൂർ സ്വദേശി ഷിബുവിനെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്.
കേസിലെ പ്രധാന പ്രതിയായ കൊടുമ്പ് സ്വദേശി ദീപക്ക് നേരത്തെ അറസ്‌റ്റിലായിരുന്നു. ഇതോടെ കേസിലെ എല്ലാ പ്രതികളെയും പിടികൂടിയതായി പോലീസ് അറിയിച്ചു.
കഴിഞ്ഞവർഷം ഒക്‌ടോബറിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കൊടുമ്പ് ചെങ്കോൽ എന്ന സ്‌ഥലത്ത് സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്ന ഷിബുവിനെ നാലംഗസംഘം ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ട് മർദിക്കുകയും കൈകൊണ്ട് മൂക്ക് ഇടിച്ചു തകർക്കുകയും കത്തിയുപയോഗിച്ച് കുത്തുകയും ചെയ്‌തു.
സാമ്പത്തിക ഇടപാടിനെ തുടർന്നുണ്ടായിരുന്ന വൈരാഗ്യമാണ് അക്രമത്തിൽ പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിബു ഏറെനാൾ ചികിൽസയിലായിരുന്നു.
ഇൻസ്‌പെക്‌ടർ ടി ഷിജു എബ്രഹാം, എസ്ഐ ഉദയകുമാർ, രാജീവ്, പ്രഭു, വിനീത്, രവി, കൃഷ്‌ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Most Read: നീതുവിന്റെ കാമുകൻ അറസ്‌റ്റിൽ; ബാലപീഡന വകുപ്പുകൾ ചുമത്തി







































