കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. മരിച്ചത് അമ്മയും മക്കളുമാണെന്നാണ് വിവരം. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഏറ്റുമാനൂർ പോലീസ് പറഞ്ഞു. എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്‌തതയില്ല. ഇന്ന് രാവിലെ ആറോടെയാണ് പോലീസിന് വിവരം ലഭിച്ചത്.
മൃതദേഹങ്ങൾ ചിതറികിടക്കുന്നതിനാൽ അഗ്‌നിശമന സേനയും സ്‌ഥലത്തെത്തിയിട്ടുണ്ട്. ട്രാക്കിൽ തടസമുള്ളതിനാൽ ട്രെയിനുകൾ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉൾപ്പടെയുള്ളവ വൈകുമെന്ന് റെയിൽവേ അറിയിച്ചു. ഇവരുടേത് ആത്‍മഹത്യയാണെന്നാണ് ലോക്കോ പൈലറ്റും വ്യക്‌തമാക്കുന്നത്. ഹോൺ അടിച്ചിട്ട് മാറിയില്ലെന്നും മൂന്നുപേരും ട്രെയിനിന് മുന്നിലേക്ക് ചാടുകയായിരുന്നുവെന്നും ലോക്കോ പൈലറ്റ് പറഞ്ഞു.
പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്തായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ട്രെയിൻ കയറി ഇറങ്ങിയ നിലയിലായതിനാൽ മൂന്ന് മൃതദേഹങ്ങളും പൂർണമായും തിരിച്ചറിയാനാകാത്ത സ്‌ഥിതിയിലാണ്. കാലിന്റെ അവശിഷ്‌ടങ്ങളും വസ്‌ത്രങ്ങളുമാണ് തിരിച്ചറിയാൻ സാധിച്ചിരുന്നത്. ഏറ്റുമാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ