ബത്തേരി: നായാട്ട് ശ്രമത്തിനിടെ മൂന്ന് ഫോറസ്റ്റ് വാച്ചർമാർ പിടിയിൽ. കാട്ടിനുള്ളിൽ 18 കെണികളാണ് ഇവർ സ്ഥാപിച്ചത്. ജോലി ദുരൂപയോഗം ചെയ്തതിന് രണ്ട് സ്ഥിരം വാച്ചർമാരേ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ഒരു താൽക്കാലിക വാച്ചർ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. മുത്തങ്ങ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് എട്ട് കിലോമീറ്റർ അകലെയുള്ള വനത്തിനുള്ളിലാണ് ഇവർ കെണികൾ സ്ഥാപിച്ചത്.
വയനാട് വന്യജീവി സങ്കേതം മുത്തങ്ങ റേഞ്ചിലെ സ്ഥിരം വാച്ചർമാരായ ആന ക്യാമ്പ് കോളനിയിലെ കെ കൃഷ്ണൻ (38), ചെട്യാലത്തൂർ വീട്ടിപ്പുര കോളനിയിലെ വി രാഗേഷ് (32) എന്നിവരാണ് സസ്പെൻഷനിലായത്. മുത്തങ്ങ ചുക്കാലിക്കുനി കോളനിയിലെ ചന്ദ്രനെയാണ് (35) പിരിച്ചുവിട്ടത്. ഡിസംബർ രണ്ടിനായിരുന്നു സംഭവം.
അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ കെപി അനിൽകുമാർ രാത്രി നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ക്യാമ്പ് ഷെഡിനോട് ചേർന്ന് റോഡിന് കുറുകെ കമ്പി വളയങ്ങൾ സ്ഥാപിച്ചായിരുന്നു കെണി ഒരുക്കിയത്. മാൻ, മുയൽ, വെരുക്, മരപ്പട്ടി തുടങ്ങിയ ചെറുമൃഗങ്ങളെ ലക്ഷ്യം വെച്ചായിരുന്നു കുരുക്ക് സ്ഥാപിച്ചത്.
Most Read: കേരളത്തിൽ മൂന്നാം തരംഗം ഉറപ്പ്, ആശങ്ക വേണ്ട; ഐഎംഎ സംസ്ഥാന മേധാവി








































