ന്യൂഡെൽഹി: യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാൻ ഇന്ത്യൻ വ്യോമസേനയുടെ മൂന്ന് വിമാനങ്ങൾ കൂടി ഉടൻ പുറപ്പെടും. പോളണ്ട്, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേക്ക് വ്യോമസേനാ വിമാനങ്ങൾ പറക്കുമെന്ന് ഐഎഎഫ് അറിയിച്ചു.
ടെന്റുകളും പുതപ്പുകളും മറ്റ് മാനുഷിക സഹായങ്ങളും വഹിച്ചുകൊണ്ട് വിമാനങ്ങൾ ഹിൻഡൺ എയർബേസിൽ നിന്ന് ഉടൻ പുറപ്പെടും. ഒരു C-17 ഗ്ളോബ്മാൻ ഇന്ന് പുലർച്ചെ 4 മണിക്ക് ‘ഓപ്പറേഷൻ ഗംഗ’യുടെ കീഴിൽ റൊമാനിയയിലേക്ക് പുറപ്പെട്ടിരുന്നു.
ഇന്ത്യക്കാരെ തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിന് ശേഷം, ഒഴിപ്പിക്കൽ ശ്രമങ്ങളിൽ പങ്കുചേരാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ടിരുന്നു. വ്യോമസേനയുടെ കഴിവുകൾ പ്രയോജനപ്പെടുത്തി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കാൻ കഴിയുമെന്ന് ഉറപ്പാക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ മാനുഷിക സഹായം കൂടുതൽ കാര്യക്ഷമമായി എത്തിക്കാനും ഇത് സഹായിക്കും.
അതേസമയം, യുക്രൈനിൽ നിന്ന് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,377 പൗരൻമാരെ ഇന്ത്യ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അറിയിച്ചു. “പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനങ്ങൾ ഉൾപ്പടെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആറ് വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു. യുക്രൈനിൽ നിന്ന് 1377 ഇന്ത്യൻ പൗരൻമാരെ തിരികെ എത്തിച്ചു,”- ജയശങ്കർ ട്വീറ്റിൽ പറഞ്ഞു.
Most Read: ലഹരിപാർട്ടി കേസ്; ആര്യൻ ഖാന് എതിരെ തെളിവില്ലെന്ന് അന്വേഷണ സംഘം







































