പാലക്കാട്: കടുവയുടെ ആക്രമണത്തിൽ നിന്ന് യുവാവ് രക്ഷപെട്ടത് തലനാരിഴയ്‌ക്ക്. എടത്തനാട്ടുകരയിലാണ് സംഭവം. കാടുവെട്ടാനെത്തിയ യുപി സ്വദേശി രാഹുൽ ആണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. കടുവ യുവാവിന്റെ കഴുത്തിലേക്ക് ചാടി വീഴുകയായിരുന്നു. അതേസമയം, ഏത് തരം ജീവിയാണ് രാഹുലിനെ ആക്രമിച്ചതെന്ന് സ്‌ഥിരീകരിച്ചിട്ടില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥർ പറയുന്നു.
തിരുവിഴാംകുന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫിസർ എം ശശികുമാറും സംഘവും സ്‌ഥലത്തെത്തി പരിശോധന നടത്തി. ഇന്നലെ രാവിലെ കാപ്പുപറമ്പ് സ്വദേശിയുടെ ഉടമസ്‌ഥതയിലുള്ള റബ്ബർ തോട്ടത്തിൽ ജോലിക്കെത്തിയ രാഹുൽ സമീപത്ത് നിന്ന് ഒരു മുരൾച്ച കേട്ടിരുന്നു. ഇതിന് പിന്നാലെ കടുവ രാഹുലിന്റെ കഴുത്ത് ലക്ഷ്യമാക്കി ചാടുകയായിരുന്നു. എന്നാൽ, രാഹുൽ മറിഞ്ഞ് വീണതിനാൽ രക്ഷപെട്ടു. കടുവയുടെ നഖം കൊണ്ട് യുവാവിന്റെ ചെവി മുറിഞ്ഞിട്ടുണ്ട്. കാൽമുട്ടിനും പരിക്കുണ്ട്.
20 മീറ്ററോളം അകലെ നിന്നാണ് കടുവ ഇയാൾക്ക് നേരെ ചാടി വീണത്. അലറിവിളിച്ച് റബ്ബർ വെട്ടുന്ന മെഷീൻ ഓൺ ആകിയതോടെയാണ് കടുവ സ്‌ഥലം വിട്ടത്. പണിയായുധങ്ങൾ അടങ്ങിയ ബാഗും പെട്രോൾ നിറച്ച കന്നാസും സഹിതമാണ് കടുവ സ്‌ഥലം വിട്ടതെന്ന് രാഹുൽ പറഞ്ഞു. ഉത്തർപ്രദേശ് കനൗജിൽ നിന്ന് ഏഴ് വർഷം മുമ്പാണ് രാഹുൽ കേരളത്തിൽ എത്തിയത്.
Most Read: വന്യമൃഗ ശല്യം; പ്രതിരോധ പ്രവർത്തനങ്ങൾക്ക് 51.27 കോടി രൂപയുടെ ഭരണാനുമതി