വയനാട്: ദേശീയപാതയ്ക്ക് സമീപമുള്ള നായ്ക്കട്ടി പ്രദേശത്ത് വീണ്ടും കടുവാ ഭീതി. കഴിഞ്ഞ ദിവസം കടുവ ഇറങ്ങിയ നായ്ക്കട്ടി പ്രദേശത്തിന്റെ തൊട്ടടുത്തുള്ള എറളോട്ടുകുന്ന് പ്രദേശത്ത് ഇന്ന് പട്ടാപ്പകൽ വീണ്ടും കടുവ ഇറങ്ങി ഭീതി പരത്തി. രാവിലെ പത്ത് മണിയോടെയാണ് പ്രദേശത്ത് കടുവ ഇറങ്ങിയത്. എറളോട്ടുകുന്ന് പത്മനാഭന്റെ പശുക്കിടാവിനെ കടുവ ആക്രമിച്ചു. ശബ്ദം കേട്ട് വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് കടുവ ഓടിരക്ഷപ്പെടുകയായിരുന്നു.
പശുക്കിടാവിനെ കഴുത്തിലും മുതുകിലുമാണ് പരിക്കേറ്റത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്ക് തന്നെ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. നായ്ക്കൾ അസാധാരണയായി കുരക്കുന്നത് കെട്ടാണ് ഇക്കാര്യം മനസിലാക്കിയതെന്നും പ്രദേശവാസികൾ പറയുന്നു. അതേസമയം, കഴിഞ്ഞ ദിവസം ദേശീയപാതയോരത്ത് കണ്ടെത്തിയ കടുവ തിരിച്ച് കാട് കയറിയിട്ടില്ലെന്നും ഈ മേഖലയിലെ കാപ്പി തോട്ടങ്ങളിലോ മറ്റോ താവളമാക്കിയിരിക്കാമെന്നുമാണ് നാട്ടുകാർ ആരോപിക്കുന്നത്.
പകൽ സമയങ്ങളിൽ കാപ്പിത്തോട്ടങ്ങളിൽ ഒളിച്ചിരിക്കുന്ന കടുവ രാത്രിയിലോ ആളനക്കമില്ലാത്ത സമയത്തോ പുറത്തിറങ്ങുകയാണെന്നും സംശയിക്കുന്നുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി എറളോട്ടുകുന്നിൽ പരിശോധന നടത്തി. നൂൽപ്പുഴ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ കടുവാ ശല്യമുള്ള മേഖലയിൽ കൂട് സ്ഥാപിക്കാനും തീരുമാനമായി. ഉച്ചക്ക് മുൻപ് തന്നെ കൂട് പ്രദേശത്ത് എത്തിച്ചിരുന്നെങ്കിലും ഉത്തരവ് ലഭിച്ച് ഏഴ് മണിയോടെയാണ് കൂട് സ്ഥാപിച്ചത്. വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണയും പ്രദേശത്ത് ഉണ്ടാകും.
Most Read: കൺഫർമേഷൻ എസ്എംഎസിനായി കാത്തിരിക്കേണ്ട; പിഎസ്സി






































