വയനാട്: കേണിച്ചിറ എടക്കാട് മേഖലയിൽ കടുവയുടെ ആക്രമണം തുടർക്കഥയാകുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ കടുവ നാല് പശുക്കളെ കൊന്നു. ഇന്നലെയും ഇന്ന് പുർച്ചെയുമായി തൊഴിൽ കെട്ടിയിരുന്ന മൂന്ന് പശുക്കളെയാണ് കടുവ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ രണ്ടു പശുക്കളെയാണ് ഇന്ന് പുലർച്ചെ കൊന്നത്. ഇന്നലെ രാത്രി കിഴക്കേൽ സാബുവിന്റെ പശുവിനെ കടുവ കൊന്നിരുന്നു.
കടുവയുടെ ആക്രമണത്തെ തുടർന്ന് നാട്ടുകാർ ബീനാച്ചി പനമരം റോഡ് ഉപരോധിച്ചു. കടുവയെ മയക്കുവെടി വെച്ച് പിടികൂടണമെന്നും, ജനങ്ങളുടെ ഭീതി അകറ്റണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ റോഡ് ഉപരോധിക്കുന്നത്. കടുവയെ കൂടുവെച്ച് പിടിക്കാനായില്ലെങ്കിൽ മയക്കുവെടി പ്രയോഗിക്കാനാണ് അധികൃതരുടെ നീക്കം. ഇതിനായുള്ള നിയമാനുസൃത നടപടി പൂർത്തിയാക്കി അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകി.
വ്യാഴാഴ്ചയാണ് കടുവയുടെ ആക്രമണം പ്രദേശത്ത് ആദ്യമായി ഉണ്ടായത്. തെക്കേ പുന്നാപ്പിള്ളിൽ വർഗീസിന്റെ വയലിൽ കെട്ടിയിരുന്ന പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. വെള്ളിയാഴ്ച ഇതിന്റെ ജഡം തിന്നാൻ കടുവ എത്തിയിരുന്നു. ക്യാമറ ട്രാപ്പിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ തോൽപ്പെട്ടി 17 എന്ന പത്ത് വയസുള്ള ആൺ കടുവ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുവയ്ക്കായി കൂടും സ്ഥാപിച്ചിട്ടുണ്ട്.
Most Read| ചരിത്രപരമായ തീരുമാനം; സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി യുഎഇ