പുൽപ്പള്ളി: കഴിഞ്ഞ പത്ത് ദിവസമായി പുൽപ്പള്ളിയിലെ നാട്ടുകാരെ വിറപ്പിച്ച കടുവ ഒടുവിൽ കൂട്ടിൽ. ഇന്നലെ രാത്രി 11.30ഓടെയാണ് തൂപ്ര ഭാഗത്ത് സ്‌ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയത്. കഴിഞ്ഞദിവസം കൂട്ടിനടുത്ത് വരെ വന്ന കടുവ കൂട് നേരത്തെ തന്നെ അടഞ്ഞുപോയതിനാൽ തലനാരിഴയ്‌ക്കാണ് കൂട്ടിലാകാതെ കടന്നുകളഞ്ഞത്.
പുൽപ്പള്ളിക്കടുത്തുള്ള അമരക്കുനി, തൂപ്ര, ദേവർഗദ്ദ, ഊട്ടിക്കവല പ്രദേശങ്ങളിലെ ജനങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കടുവാ ഭീതിയിലായിരുന്നു. എന്നാൽ, കടുവയെ പിടികൂടാൻ വനംവകുപ്പിന് സാധിച്ചിരുന്നില്ല. തെർമൽ ഡ്രോൺ വരെ ഉപയോഗിച്ച് പരിശോധന ശക്‌തമായി തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി എട്ടരയോടെ തൂപ്ര- ദേവർഗദ്ദ റോഡിൽ യാത്രക്കാർക്ക് മുന്നിൽ കടുവ പ്രത്യക്ഷപ്പെട്ടത്.
പത്ത് ദിവസത്തിനുള്ളിൽ അഞ്ച് ആടുകളെ കൊന്ന കടുവയാണിത്. അഞ്ച് കൂടുകളും 32 ക്യാമറ ട്രാപ്പുകളും രണ്ട് ലൈവ് ക്യാമറയും അടക്കം വിപുലമായ സജ്‌ജീകരണങ്ങൾ ഒരുക്കിയാണ് വനംവകുപ്പ് കടുവയെ കൂട്ടിലാക്കിയത്. മയക്കുവെടി വെക്കാൻ ഉത്തരവിറങ്ങിയിരുന്നെങ്കിലും കടുവയെ മയക്കുവെടി വെക്കാൻ അനുയോജ്യമായ സാഹചര്യത്തിൽ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കൂടുതൽ കൂടുകൾ സ്‌ഥാപിക്കുകയായിരുന്നു. കടുവയെ പചാടിയിലേക്ക് മാറ്റും.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും