ന്യൂഡെൽഹി: പാകിസ്‌ഥാനിൽ 400 ഓളം യാത്രക്കാരുമായി തീവണ്ടി തട്ടിയെടുത്ത ബലൂചിസ്‌ഥാൻ വിഘടനവാദികൾ വിലപേശൽ തുടങ്ങി. 48 മണിക്കൂറിനകം ബലൂചി രാഷ്‌ട്രീയ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ബന്ദികളെ കൊല്ലുമെന്നാണ് ബലൂചിസ്‌ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) എന്ന വിഘടനവാദി സംഘടനയുടെ മുന്നറിയിപ്പ്.
പര്‍വതങ്ങളാൽ ചുറ്റപ്പെട്ട തുരങ്കത്തിനകത്താണ് ഇപ്പോഴും തീവണ്ടിയെന്നാണ് റിപ്പോര്‍ട്ട്. ക്വറ്റയില്‍നിന്ന് കയറിയ സൈനികരും ട്രെയിനിലുണ്ടായിരുന്നതായി ഉയര്‍ന്ന സൈനിക ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടു ചെയ്‌തു. അതേസമയം,തീവണ്ടി റാഞ്ചിയ സംഘത്തിലെ 27 പേരെ വധിക്കുകയും 150 പേരെ മോചിപ്പിക്കയും ചെയ്‌തതായി റേഡിയോ പാകിസ്‌ഥാനെ ഉദ്ധരിച്ച് ഡോൺ പത്രം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ബന്ദികളെ രക്ഷിക്കാന്‍ ശ്രമം നടത്തിയാല്‍ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് വിഘടനവാദികൾ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
30 സൈനികരെ വധിച്ചതായി ബിഎൽഎ അവകാശപ്പെട്ടിട്ടുണ്ട്. സ്‌ത്രീകളെയും കുട്ടികളെയും തങ്ങൾ മോചിപ്പിക്കയായിരുന്നു എന്നാണ് വിശദീകരണം. ചൊവ്വാഴ്‌ചയാണ് റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ച് ആക്രമിച്ച ശേഷം തീവണ്ടി ഒറ്റപ്പെട്ട തുരങ്കത്തിനകത്ത് നിശ്‌ചലമാക്കിയത്. മൊബൈൽ സിഗ്‌നലുകൾ ലഭിക്കാത്ത ഭൂപ്രദേശത്താണ് തുരങ്കം സ്‌ഥിതിചെയ്യുന്നത്.
പാകിസ്‌ഥാൻ നഗരമായ ക്വറ്റയിൽ നിന്നും 150 കിലോമീറ്റർ അകലത്തിൽ മലകളാൽ ചുറ്റപ്പെട്ട മഷ്‌കാഫ് തുരങ്കത്തിലാണ് ബലൂചിസ്‌ഥാനിൽ നിന്നും പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് എന്ന ഈ ട്രെയിൻ ഇപ്പോൾ ഉള്ളത്. ലോകോ പൈലറ്റും എട്ട് സുരക്ഷാ ഗാർഡുകളും റാഞ്ചികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി വാർത്തയുണ്ട്.
പഞ്ചാബ് സിന്ദ് മേഖകളിൽ നിന്നും ബലൂചിസ്‌ഥാനിലേക്കുള്ള മുഴുവൻ റെയിൽ ഗതാഗതവും നിർത്തി വെച്ചിരിക്കയാണ്. ചൊവാഴ്‌ച രാവിലെ ഒമ്പത് മണിക്ക് പുറപ്പെട്ട ജാഫർ എക്സ്പ്രസ് 1200 കിലോമീറ്റർ സഞ്ചരിച്ചാണ് പെഷവാറിൽ എത്തേണ്ടിയിരുന്നത്. 30 മണിക്കൂർ സഞ്ചാര പാതയാണ്. ഇപ്പോൾ പ്രത്യേക തീവണ്ടി ഉപയോഗിച്ചാണ് രക്ഷപെട്ട യാത്രക്കാരെ മാറ്റിക്കൊണ്ടിരിക്കുന്നത്.
ചൈന പാകിസ്‌ഥാൻ ഇക്കണോമിക് കോറിഡോർ നിർമാണം ആരംഭിച്ചതോടെയാണ് ബിഎൽഎ പ്രതിഷേധങ്ങൾ കനത്തത്. ഈ മേഖലയിൽ കഴിഞ്ഞ പത്തു വർഷമായി നിർമാണ പ്രവർത്തനങ്ങൾ തുടരുകയാണ്. ചൈനീസ് നേതൃത്വത്തിൽ ആരംഭിച്ച ഗദ്വാർ തുറമുഖത്തും കഴിഞ്ഞ മാസങ്ങളിൽ ബിഎൽഎ ആക്രമണം നടത്തിയിരുന്നു. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഈ മേഖലയിൽ കഴിഞ്ഞ വർഷം മാത്രം 150 ഓളം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
KAUTHUKAM | 124ആം വയസിലും ചുറുചുറുക്കിൽ ഒരു മുത്തശ്ശി





































