ആളൂർ: കോവിഡ് പശ്ചാത്തലത്തിൽ റദ്ദാക്കിയ തീവണ്ടികളുടെ സർവീസ് പുനരാരംഭിക്കാൻ റെയിൽവേ തീരുമാനിച്ചതോടെ ഇരിങ്ങാലക്കുടയിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നു. റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ കൗണ്ടർ പ്രവർത്തന സമയം കൂട്ടി. തിങ്കളാഴ്ച മുതൽ രാവിലെ 8 മണി മുതൽ രാത്രി 8 വരെയാണ് റിസർവേഷൻ സമയം. നിലവിൽ രാവിലെ 8 മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു റിസർവേഷൻ.
ഇനിയുള്ള ദിവസങ്ങളിൽ പുതുതായി മൂന്ന് ട്രെയിനുകൾ കൂടി ഓടി തുടങ്ങും. ഇരിങ്ങാലക്കുടയിൽ സ്റ്റോപ്പുള്ള എറണാകുളം-കണ്ണൂർ ഇന്റർസിറ്റി, തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ്, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി എന്നീ തീവണ്ടികളാണ് അടുത്ത ദിവസങ്ങളിൽ സർവീസ് പുനരാരംഭിക്കുന്നത്.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടം; നാല് ജില്ലകളില്‍ ജനവിധി ഇന്ന്
ആദ്യഘട്ടത്തിൽ ഓടിത്തുടങ്ങിയ ആലപ്പി-ചെന്നൈ എക്സ്പ്രസ് , ബെംഗളൂരു എക്സ്പ്രസ്, വേണാട്, കാരക്കൽ എക്സ്പ്രസ്, രപ്തി സാഗർ, ബരുണി എക്സ്പ്രസ് എന്നീ തീവണ്ടികളാണ് നിലവിൽ ഓടുന്നത്. തീവണ്ടികൾ സർവീസ് ആരംഭിച്ചെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടില്ല. ഇതിനാൽ, സാധാരണ ടിക്കറ്റുകൾ ഉൾപ്പടെയുള്ളവ യാത്രക്കാർ മുൻകൂട്ടി റിസർവ് ചെയ്യേണ്ടതാണ്.
ട്രെയിനുകൾ സർവീസ് ആരംഭിച്ചത് ഇരിങ്ങാലക്കുട സ്റ്റേഷനെ ആശ്രയിച്ചിരുന്ന യാത്രക്കാർക്ക് വലിയൊരു ആശ്വാസമാണ്. യാത്രക്കാർ സജീവമായതോടെ ജനുവരി മുതൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വാഹനങ്ങളുടെ പാർക്കിങ് നടത്തിപ്പിനായി ടെൻഡർ ക്ഷണിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.







































