ചെന്നൈ: യുക്രൈനിൽ നിന്നും മടങ്ങുന്ന തമിഴ്നാട് സ്വദേശികളുടെ യാത്രാചിലവ് വഹിക്കുമെന്ന് തമിഴ്നാട് സർക്കാർ. വിദ്യാഭ്യാസത്തിനായി യുക്രൈനിൽ പോയ തമിഴ്നാട് സ്വദേശികളായ അയ്യായിരത്തോളം വിദ്യാർഥികളുടെ യാത്രാ ചിലവ് വഹിക്കാനാണ് സർക്കാർ തീരുമാനിച്ചത്. യുക്രൈനിൽ കുടുങ്ങി കിടക്കുന്നവർ തമിഴ്നാട് സർക്കാരിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അറിയിച്ചു.
യുക്രൈനിൽ റഷ്യ ആക്രമണം തുടങ്ങിയതോടെ വ്യോമഗതാഗതം തടസപ്പെട്ട് രാജ്യത്ത് കുടുങ്ങി കിടക്കുകയാണ് വിദ്യാർഥികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർ. ഇവരെ മടക്കിക്കൊണ്ടുവരാൻ നാളെ മുതൽ അയൽ രാജ്യങ്ങളിലേക്ക് വിമാനങ്ങൾ അയക്കുമെന്നാണ് റിപ്പോർട്. റൊമാനിയയിലേക്കും ഹംഗറിയിലേക്കും വിമാനങ്ങൾ അയക്കാനാണ് സാധ്യത. ഒഴിപ്പിക്കലിന് മേൽനോട്ടം വഹിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ ചില അതിർത്തി പോസ്റ്റുകളിൽ എത്തി.
പലയിടത്തും ബങ്കറുകളിൽ കഴിയുകയാണ് വിദ്യാർഥികൾ. വെള്ളവും ഭക്ഷണവും ഉറപ്പാക്കണമെന്ന കത്ത് എംബസി ഇന്നലെ യുക്രൈൻ പ്രസിഡണ്ടിന് നൽകിയിരുന്നു. എന്നാൽ സംഘർഷം തുടർന്നാൽ സ്ഥിതി കൈവിട്ടു പോകുമെന്ന ആശങ്കയുണ്ട്. വ്യോമമേഖല അടച്ച സാഹചര്യത്തിൽ പടിഞ്ഞാറൻ അതിർത്തിയിലെ രാജ്യങ്ങൾ വഴി ഇവരെ തിരികെ കൊണ്ടുവരാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷൻ ഇന്ത്യ തുടങ്ങി കഴിഞ്ഞു.
പോളണ്ട്, സ്ളൊവേകിയ, ഹംഗറി, റൊമാനിയ അതിർത്തി കടക്കുന്നവരെ അവിടെ നിന്ന് മടക്കിക്കൊണ്ടുവരും. നാലു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാരുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ സംസാരിച്ചു. എയർ ഇന്ത്യയുടെ വിമാനങ്ങൾ തയ്യാറാക്കി നിർത്തിയിട്ടുണ്ട്. നാളെ റൊമാനിയയിലെ ബുക്കാറസ്റ്റിലേക്കും ഹംഗറിയിലെ ബുഡാപെസ്റ്റിലേക്കും വിമാനം അയക്കാനാണ് സാധ്യത.
Most Read: എണ്ണവിലയിൽ നേരിയ കുറവ്; ക്രൂഡോയിൽ ബാരലിന് 101 ഡോളറായി