മലപ്പുറം: കോട്ടക്കലില്‍ ഇതര സംസ്ഥാനക്കാരിയായ യുവതിയെ ട്രാവൽസ് ഉടമ മർദ്ദിച്ചതായി പരാതി. ജാബിർ എന്നയാൾക്ക് എതിരെയാണ് പരാതി. അപമാനിക്കാൻ ശ്രമിച്ചതിന് പോലീസിൽ പരാതി നൽകിയ വിരോധത്തിലാണ് ജാബിർ ആക്രമിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു.
തിരുവന്തപുരത്തേക്ക് പോകാനായി ബസ് ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവല്സിൽ എത്തിയപ്പോള്‍ ഉടമ ജാബിർ അപമാനിക്കാൻ ശ്രമിച്ചെന്ന് യുവതി നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ജാബിർ അപമര്യാദയായി പെരുമാറുകയും ഇത് ചോദ്യം ചെയ്തപ്പോള്‍ പിടിച്ചു തള്ളിയെന്നുമാണ് പരാതി. കോട്ടക്കൽ പോലീസിലാണ് യുവതി പരാതി നൽകിയത്.
എന്നാൽ ഈ വിരോധത്തില്‍ ജാബിറും സഹൃത്തുക്കളും വീടു കയറി ആക്രമിക്കുക ആയിരുന്നെന്ന് യുവതിയും സുഹൃത്തുക്കളും പറഞ്ഞു. യുവതിയുടെ പരാതിയിൽ കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
എന്നാൽ വാക്ക് തര്‍ക്കത്തിനിടയില്‍ യുവതിക്കൊപ്പം ഉണ്ടായിരുന്ന യുവാക്കളുമായി അടിപിടിയുണ്ടായെന്നും യുവതിയെ അപമാനിച്ചിട്ടില്ലെന്നുമാണ് ട്രാവല്‍സ് ഉടമ ജാബിറിന്റെ വിശദീകരണം. ഇതര സംസ്ഥാന തൊഴിലാളി നടത്തുന്ന കടയുമായി ബന്ധപ്പെട്ടായിരുന്നു തർക്കമെന്നും ജാബിർ പറയുന്നു.
അതേസമയം പരിക്കേറ്റ യുവതിയും സുഹൃത്തുക്കളും കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിൽസയിലാണ്.
Malabar News: പള്ളിക്കമ്മിറ്റി ഉപേക്ഷിച്ചു, വയോധികൻ കടത്തിണ്ണയിൽ; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ








































