കൊല്ലം: വനത്തിൽ അതിക്രമിച്ച് കയറി കാട്ടാനകളെ പ്രകോപിപ്പിച്ച് വീഡിയോ ചിത്രീകരിച്ച യൂട്യൂബ് വ്ളോഗർക്ക് എതിരെ കേസ്. കിളിമാനൂർ സ്വദേശിനി അമല അനുവിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. കൊല്ലം കുളത്തൂപ്പുഴയിലെ വനത്തിനുള്ളിലാണ് യുവതി അതിക്രമിച്ച് കയറിയത്.
തുടർന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ അമലയെ കാട്ടാന ഓടിക്കുകയായിരുന്നു. ഏഴ് മാസം മുമ്പാണ് മാമ്പഴത്തറ വനമേഖലയിൽ വീഡിയോ ചിത്രീകരിച്ചത്. യൂട്യൂബറെ കാട്ടാന ഓടിക്കുന്ന വീഡിയോ വൈറലായതോടെയാണ് വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തത്. ‘മാമ്പഴത്തറ വനത്തിൽ വെച്ച് കാട്ടാന ഓടിച്ചപ്പോൾ’ എന്ന ക്യാപ്ഷനൊടെയാണ് ഇവർ വീഡിയോ യൂട്യൂബിൽ അപ്ലോഡ് ചെയ്തത്.
തുടർന്ന് വീഡിയോ വൈറലായതോടെ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വനത്തിൽ അതിക്രമിച്ച് കയറി ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ അമല അനു പകർത്തിയെന്നാണ് വനംവകുപ്പ് പറയുന്നത്.
കാട്ടിൽ അതിക്രമിച്ച് കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തി എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് വ്ളോഗർക്കെതിരെ കേസെടുത്തത്. യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോ പരിശോധിച്ച ശേഷമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കേസെടുത്തത്. അമ്പനാർ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അജയകുമാറാണ് കേസ് അന്വേഷിക്കുന്നത്.
Most Read: എകെജി സെന്റർ ആക്രമണത്തിൽ ശാസ്ത്രീയ പരിശോധന; സിസിടിവി ദൃശ്യങ്ങൾ സിഡാക്കിന് കൈമാറി