വാഷിങ്ടൻ: യുദ്ധം അഞ്ചാഴ്ചയിലേക്ക് കടന്നിരിക്കെ, ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സാമൂഹിക മാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
ഇറാന്റെ പുതിയ പ്രസിഡണ്ട് മൊജ്തബ ഖമനയി അമേരിക്കയോട് വെടിനിർത്തലിന് അഭ്യർഥിച്ചതായാണ് ട്രംപ് പറയുന്നത്. എന്നാൽ, ലോകവ്യാപാരത്തിന്റെ നിർണായക പാതയായ ഹോർമുസ് കടലിടുക്ക് തുറക്കുകയും തടസങ്ങളില്ലാതെ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ കരാർ പരിഗണിക്കൂ എന്ന് ട്രംപ് വ്യക്തമാക്കി.
”മൊജ്തബ ഖമനയി മുൻഗാമികളെ അപേക്ഷിച്ച് കുറഞ്ഞ തീവ്രതയുള്ളയാളും ബുദ്ധിമാനുമാണ്. അദ്ദേഹം അമേരിക്കയോട് വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് സ്വതന്ത്രവും സുരക്ഷിതവും ആകുമ്പോൾ ഞങ്ങൾ അത് പരിഗണിക്കും”- ട്രംപ് കുറിച്ചു.
കടലിടുക്ക് തുറക്കുന്നതുവരെ ഇറാനെ ആക്രമിക്കുന്നത് തുടരുമെന്നും അവരെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ കാര്യത്തിൽ ഔദ്യോഗിക കരാർ ഉണ്ടായില്ലെങ്കിലും ആഴ്ചകൾക്കുള്ളിൽ അമേരിക്കൻ സൈനിക നടപടി അവസാനിച്ചേക്കാമെന്ന് ചൊവ്വാഴ്ച വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് സൂചിപ്പിച്ചിരുന്നു.
അതേസമയം, വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന ട്രംപിന്റെ അവകാശ വാദത്തോട് ഇറാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവിലെ യുദ്ധസാഹചര്യം വിശദീകരിക്കുന്നതിനായി അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്യുന്നതിന് തൊട്ടുമുൻപാണ് ട്രംപിന്റെ പ്രസ്താവന. അതിനിടെ, ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി ഈ ആഴ്ച രാജ്യാന്തര നയതന്ത്ര യോഗം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ വ്യക്തമാക്കി.
Most Read| സകല ക്ഷേത്രങ്ങളും പൂജകളും ചരിത്രവും ഇനി ഒരൊറ്റ ക്ളിക്കിൽ






































