ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ, ഇറാനെതിരെ ഭീഷണി മുഴക്കി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക് തുറന്ന് കൊടുത്തില്ലെങ്കിൽ ഇറാൻ നരകതുല്യമായ അവസ്ഥ നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ട്രംപ് ഭീഷണി മുഴക്കിയത്.
തിങ്കളാഴ്ചയ്ക്കകം ഹോർമുസ് തുറക്കണമെന്നാണ് ട്രംപിന്റെ ഭീഷണി. ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾ കടുത്തതായിരിക്കും. വരാനിരിക്കുന്ന ചൊവ്വാഴ്ചയെ ‘പവർ പ്ളാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ എന്നിങ്ങനെ വിശേഷിപ്പിച്ച ട്രംപ്, ഇറാന്റെ ഊർജ നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന സൂചനയാണ് നൽകിയത്.
ഹോർമുസ് കടലിടുക്ക് തുറക്കൂ, അല്ലെങ്കിൽ നരകത്തിൽ ജീവിക്കേണ്ടി വരും. ചൊവ്വാഴ്ച ഇറാനിൽ ‘പവർ പ്ളാന്റ് ഡേ’, ‘ബ്രിഡ്ജ് ഡേ’ ദിനവും ഒന്നിച്ചു വരുന്ന ദിവസമായിരിക്കും. ഇതുപോലൊന്ന് ഇതിനുമുൻപ് ഉണ്ടായിട്ടുണ്ടാകില്ല. ഭ്രാന്തൻമാരായ വഞ്ചകൻമാരെ, അല്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരുമെന്നും ട്രംപ് ഭീഷണി കുറിപ്പിൽ പറയുന്നു.
ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഭയാനകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രംപ് നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് മധ്യസ്ഥർ അവകാശപ്പെടുമ്പോഴും ട്രംപ് തന്റെ കർക്കശമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.
ആഗോളതലത്തിൽ എണ്ണ, ഗ്യാസ് വ്യാപാരത്തിന്റെ പ്രധാന കേന്ദ്രമായ ഹോർമുസ് കടലിടുക്കിലെ തടസങ്ങൾ അന്താരാഷ്ട്ര വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്. യൂറോപ്പിലേക്കും ഏഷ്യയിലേക്കും ഉള്ള ഇന്ധന നീക്കം തടസപ്പെടുന്നത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാൽ, ഇന്ത്യ അടക്കമുള്ള സുഹൃദ്രാജ്യങ്ങൾക്കായി ഹോർമുസ് കടലിടുക്ക് തുറന്നിടുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Most Read| ആശ്വാസ വാർത്ത; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യയെ സുരക്ഷിതയായി കണ്ടെത്തി





































