വാഷിങ്ടൻ: ആണവായുധങ്ങൾ പരീക്ഷിക്കാൻ യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് യുദ്ധകാര്യ വകുപ്പിന് നിർദ്ദേശം നൽകി. റഷ്യ പുതിയ ആണവായുധങ്ങളുടെ പരീക്ഷണങ്ങൾ നടത്തിയ സാഹചര്യത്തിലാണ് തീരുമാനം. ഇതോടെ, 33 വർഷത്തിന് ശേഷം യുഎസ് ആദ്യമായി ഒരു ആണവായുധ പരീക്ഷണം നടത്താനൊരുങ്ങുകയാണ്.
തന്റെ സാമൂഹിക മാദ്ധ്യമമായ ട്രൂത്തിലൂടെയാണ് മൊറൊട്ടോറിയം അവസാനിപ്പിച്ച് യുഎസ് ആണവായുധ പരീക്ഷണത്തിനൊരുങ്ങുന്ന വിവരം ട്രംപ് അറിയിച്ചത്. നടപടികൾ ഉടൻ ആരംഭിക്കും. ‘ചില രാജ്യങ്ങൾ’ ആണവായുധങ്ങൾ പരീക്ഷിക്കുന്നതിന് മറുപടിയായാണ് നടപടിയെന്ന് ട്രംപ് വ്യക്‌തമാക്കി. മറ്റു രാജ്യങ്ങളേക്കാൾ ആണവായുധങ്ങൾ യുഎസിന് ഉണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
ആണവശേഷി ഉള്ളതും ആണവോർജത്തിൽ പ്രവർത്തിക്കുന്നതുമായ സമുദ്രാന്തര ഡ്രോണുകൾ റഷ്യ കഴിഞ്ഞ ദിവസം പരീക്ഷിച്ചിരുന്നു. ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് റഷ്യ ദിവസങ്ങൾക്കുള്ളിൽ രണ്ടാമതും ആണവശേഷിയുള്ള ആയുധം പരീക്ഷിച്ചത്. പൊസൈയ്‌ഡൻ എന്ന് പേരിട്ടിരിക്കുന്ന സമുദ്രാന്തര ഡ്രോണാണ് പരീക്ഷിച്ചത്.
ആണവോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന, ആണവശേഷിയുള്ള ബ്യൂറെവെസ്‌റ്റ്‌നിക് ക്രൂയിസ് മിസൈലും റഷ്യ വിജയകരമായി പരീക്ഷിച്ചിരുന്നു. നിലവിൽ ലോകത്തുള്ള ആണവായുധ സങ്കൽപ്പങ്ങളെ മാറ്റിയ ആയുധങ്ങളുടെ പരീക്ഷണമാണ് റഷ്യ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയത്. ആണവായുധങ്ങളുടെ മൽസര പരീക്ഷണം വീണ്ടുമൊരു ശീതയുദ്ധ സൂചനകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Most Read| ഇവൻ ‘ചില്ലറ’ക്കാരനല്ല, കോടികളുടെ മുതൽ; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള തക്കാളി






































