വാഷിങ്ടൻ: യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തെ പിന്തുണച്ച റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ വാക്കുകൾ പ്രത്യാശ നൽകുന്നതാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. സൗദിയിൽ നടത്തിയ ചർച്ചയിൽ യുഎസ് മുന്നോട്ടുവെച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്ന് പുട്ടിൻ പറഞ്ഞിരുന്നു.
‘വളരെ പ്രത്യാശയേകുന്ന പ്രസ്‌താവനയാണ് പുട്ടിന്റേത്. പക്ഷേ, പൂർണമല്ല. എനിക്ക് അദ്ദേഹത്തെ കാണാനും സംസാരിക്കാനും ആഗ്രഹമുണ്ട്. യുദ്ധം വേഗത്തിൽ അവസാനിപ്പിക്കണം’- ട്രംപ് പറഞ്ഞു.
‘അന്തിമ കരാറിന്റെ ഒട്ടേറെ വിശദാംശങ്ങൾ ചർച്ച ചെയ്‌തിട്ടുണ്ട്. റഷ്യ അംഗീകരിച്ചില്ലെങ്കിൽ ലോകത്തിന് വളരെ നിരാശാജനകമായ നിമിഷമാകും. ഞങ്ങൾ രഹസ്യമായി പ്രവർത്തിച്ചിട്ടില്ല. യുദ്ധാനന്തരം നിലനിർത്തുകയും നഷ്‌ടപ്പെടുകയും ചെയ്യുന്ന സ്‌ഥലങ്ങളെപ്പറ്റി യുക്രൈനുമായി ചർച്ച ചെയ്യുന്നുണ്ട്’- ട്രംപ് വ്യക്‌തമാക്കി.
യുഎസ് മുന്നോട്ടുവെച്ച 30 ദിവസത്തെ വെടിനിർത്തൽ പദ്ധതി തത്വത്തിൽ അംഗീകരിക്കുന്നുവെന്ന് പുട്ടിനും, യുഎസ് ശുപാർശകൾ അംഗീകരിക്കുന്നുവെന്ന് റഷ്യൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയും നിലപാടെടുത്തിരുന്നു. ഇതോടെയാണ് യുക്രൈനിൽ സമാധാനത്തിന് സാധ്യത തെളിഞ്ഞത്. വെടിനിർത്തൽ കരാറിലെ ചില നിർദ്ദേശങ്ങളിൽ വിയോജിപ്പുണ്ടെന്നും ഇക്കാര്യം യുഎസുമായി ചർച്ച ചെയ്‌ത് പരിഹരിക്കാമെന്നും പുട്ടിൻ പറഞ്ഞു.
അതേസമയം, തുടർ ചർച്ചകൾക്കായി ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ് മോസ്‌കോയിലെത്തി. പുട്ടിനും ട്രംപും തമ്മിൽ ഫോണിൽ സംസാരിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. യുദ്ധം അവസാനിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങൾക്ക് ട്രംപിന് പുട്ടിൻ നന്ദി പറഞ്ഞു. സമാധാനത്തിനായി ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നീ രാഷ്‌ട്ര നേതാക്കൾ നൽകുന്ന പിന്തുണയ്‌ക്കും മോസ്‌കോയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പുട്ടിൻ നന്ദി അറിയിച്ചു.
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി