വാഷിങ്ടൻ: ഇറാന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഇറാനുനേരെ വളരെ രൂക്ഷമായ ആക്രമണം നടത്തിയേക്കുമെന്ന സൂചനയാണ് ട്രംപ് നൽകിയിരിക്കുന്നത്. ആണവായുധങ്ങൾ ഉപേക്ഷിക്കുന്നതിനുള്ള കരാറുമായി ബന്ധപ്പെട്ട ചർച്ചക്ക് തയ്യാറാവാത്ത പക്ഷം അടുത്ത ആക്രമണം വളരെ രൂക്ഷമായിരിക്കും എന്നാണ് ട്രംമ്പിന്റെ മുന്നറിയിപ്പ്.
ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഭീഷണി. അമേരിക്കയുടെ വിമാനവാഹിനി കപ്പൽ യുഎസ്എസ് എബ്രഹാം ലിങ്കൺ നയിക്കുന്ന ഞങ്ങളുടെ വലിയ നാവികപ്പട മേഖലയിലേക്ക് നീങ്ങുന്നുണ്ടെന്നും ആവശ്യമെങ്കിൽ വേഗതയോടെയും ആക്രമണ സ്വഭാവത്തോടെയും ദൗത്യം നിറവേറ്റാൻ അവർ സദാ സന്നദ്ധരാണെന്നും കഴിവുള്ളവരാണെന്നും ട്രംപ് വ്യക്തമാക്കി.
മൂന്ന് യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ യുഎസ്എസ് എബ്രഹാം ലിങ്കൺ ചൊവ്വാഴ്ച പശ്ചിമേഷ്യയിൽ പ്രവേശിച്ചിരുന്നു. യുഎസ്-ഇറാൻ ബന്ധം അങ്ങേയറ്റം വഷളായിരിക്കെ ആണ് യുദ്ധക്കപ്പലുകൾ എത്തിയത്. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണിയും വരുന്നത്. സമയം വളരെ പ്രധാനമെന്ന് പറഞ്ഞ ട്രംപ്, ആണവായുധങ്ങൾ സംബന്ധിച്ചുള്ള ന്യായവും തുല്യവുമായ ഉടമ്പടി തയ്യാറാക്കുന്നതിനായി ഇറാൻ ഉടൻ ചർച്ചയ്ക്ക് തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
ഇറാനിലെ നിലവിലെ പ്രതിസന്ധികൾക്കിടയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള പിരിമുറുക്കവും ശക്തമാവുകയാണ്. സർക്കാർ അടിച്ചമർത്തലിന് എതിരായ പ്രതിഷേധങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് ഇറാനിൽ കൊല്ലപ്പെട്ടത്. മനുഷ്യാവകാശ പ്രവർത്തകരുടെ കണക്കുകൾ പ്രകാരം ഇറാനിൽ ഇതുവരെ 6200ൽ അധികം മരണങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ





































