ന്യൂഡെൽഹി: ട്വിറ്ററിന്റെ ഇന്ത്യയിലെ പബ്ളിക്ക് പോളിസി മേധാവി മഹിമ കൗൾ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടികാട്ടിയാണ് മഹിമ കൗളിന്റെ രാജിയെന്ന് ട്വിറ്ററിലെ സീനിയർ എക്സിക്യൂട്ടീവ് സ്ഥിരീകരിച്ചു.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്വീറ്റുകൾ നീക്കം ചെയ്യാത്തതിനെ തുടർന്ന് ട്വിറ്റർ, കേന്ദ്രത്തിന്റെ കണ്ണിലെ കരടായി മാറിയ സാഹചര്യത്തിലാണ് കൗളിന്റെ രാജിയെന്നതും ശ്രദ്ധേയമാണ്.
കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കർഷക വംശഹത്യ ഹാഷ്ടാഗോട് കൂടി ട്വീറ്റിട്ട അക്കൗണ്ടുകൾ തിങ്കളാഴ്ച ട്വിറ്റർ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. മോദി പ്ളാനിങ് ഫാർമർ ജിനോസൈഡ് (മോദി കർഷക വംശഹത്യ ആസൂത്രണം ചെയ്യുന്നു) എന്ന ഹാഷ്ടാഗ് ഉപയോഗിച്ചവരെയായിരുന്നു ട്വിറ്റർ ബ്ളോക്ക് ചെയ്തത്.
കർഷക സമരവുമായി ബന്ധപ്പെട്ട 250 അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള തങ്ങളുടെ ഉത്തരവ് നടപ്പാക്കണമെന്നും അല്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നും ഇലകട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം നേരത്തെ ട്വിറ്ററിന് നോട്ടീസ് അയച്ചതിനെ തുടർന്നായിരുന്നു നടപടി.
എന്നാൽ, പിന്നീട് അഭിപ്രായ സ്വാതന്ത്ര്യമാണെന്നും വാർത്താ പ്രാധാന്യമുള്ള വിഷയമാണെന്നും വ്യക്തമാക്കി ട്വിറ്റർ ട്വീറ്റുകൾ പുനസ്ഥാപിച്ചിരുന്നു. എന്നാൽ കർഷക വംശഹത്യ ഹാഷ്ടാഗിട്ട് ട്വീറ്റ് ചെയ്തെന്ന് ആരോപിച്ച് അക്കൗണ്ടുകൾ വീണ്ടും മരവിപ്പിക്കണമെന്ന് കേന്ദ്രം ട്വിറ്ററിനോട് വ്യക്തമാക്കി.
അതേസമയം, മഹിമയുടെ രാജി ട്വിറ്ററിന് നഷ്ടമാണെന്നും എന്നാൽ വ്യക്തി ജീവിതത്തിലെ സുപ്രധാന വ്യക്തികളിലും ബന്ധങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള അവരുടെ ആഗ്രഹത്തെ മാനിക്കുന്നുവെന്നും ട്വിറ്റർ വ്യക്തമാക്കി.
Read also: കത്വാ കേസ്; അഭിഭാഷകർ പണം വാങ്ങിയിട്ടില്ല; യൂത്ത് ലീഗിന് തിരിച്ചടി