തലശ്ശേരി: റെയിൽവേ സ്‌റ്റേഷന് സമീപം ടിസി മുക്കിൽ യുവാവിനെ പിടിച്ചുകൊണ്ട് പോയി അടിച്ചുവീഴ്‌ത്തി പണവും ഫോണും കവർന്ന പ്രതികളെ മിനിറ്റുകൾക്കകം പോലീസ് പിടികൂടി. തലശ്ശേരി ടെക്‌സ്‌റ്റൈൽ സിൻഡിക്കേറ്റ് വസ്‌ത്രശാലയിലെ ജീവനക്കാരൻ കൊടുവള്ളി ഇല്ലിക്കുന്നിലെ തേജസിൽ സുമേഷ് സുരേന്ദ്രനാണ് (35) ആക്രമിക്കപ്പെട്ടത്.
സംഭവത്തിൽ ചൊക്‌ളി ആണ്ടിപീടികയിലെ മുഹമ്മദ് ഇർഷാദ് (21), ആഷിഖ് (19) എന്നിവരെ പോലീസ് പിടികൂടി. പോലീസ് ഇൻസ്‌പെക്‌ടർ സ്‌മിതേഷും എസ്‌ഐ അഖിലും ചേർന്ന് റെയിൽവേ സ്‌റ്റേഷനിൽ നിന്നാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ ആയിരുന്നു സംഭവം. ടിസി മുക്കിൽ ടയർ കടയിൽ പോയതിന് ശേഷം സുമേഷ് സ്‌കൂട്ടർ എടുക്കാൻ പോകുന്നതിനിടെ 2 പേർ എത്തി ചുമലിൽ കൈവച്ച് റെയിൽവേ സ്‌റ്റേഷന് സമീപത്തേക്ക് ബലമായി കൊണ്ടുപോയി. ചെളിയിൽ അടിച്ചുവീഴ്‌ത്തിയ ശേഷം 3500 രൂപയും രണ്ട് ഫോണും എടിഎം കാർഡ് ഉൾപ്പടെയുള്ള രേഖകളും തട്ടിയെടുക്കുകയായിരുന്നു. ഇതിന് ശേഷവും അടിയും ചവിട്ടും തുടർന്നു.
കുതറിയോടിയ യുവാവ് ഓട്ടോറിക്ഷയിൽ കയറി അടുത്തുള്ള പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. ഉടൻ തന്നെ പോലീസ് യുവാവിനെയും കൂട്ടി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് തിരച്ചിൽ നടത്തി. ഇതിനിടെയാണ് തിരുവനന്തപുരം ഭാഗത്തേക്കുള്ള ട്രെയിനിൽ കയറാൻ പോവുകയായിരുന്ന പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: ഭരണപരിചയം പോര; മന്ത്രിമാർക്ക് തിങ്കളാഴ്‌ച മുതൽ ക്ളാസുകൾ