കോഴിക്കോട്: ഓൺലൈൻ സൈബർ തട്ടിപ്പിലൂടെ ഡോക്‌ടറുടെ പക്കൽ നിന്ന് നാല് കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ രാജസ്‌ഥാനിൽ നിന്ന് പിടികൂടി സിറ്റി സൈബർ പോലീസ്. സുനിൽ ദംഗി (48), ശീതൾ കുമാർ മേഹ്ത്ത (28) എന്നിവരെയാണ് ബഡി സാദരിയിൽ നിന്ന് പിടികൂടിയത്.
കോവിഡ് മൂലം തൊഴിൽ നഷ്‌ടപ്പെട്ടെന്നും ഭാര്യയും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബം കണക്കെണിയിലാണെന്നും സഹായിക്കണമെന്നും അറിയിച്ചാണ് പ്രതികൾ കോഴിക്കോടുള്ള ഡോക്‌ടറെ ബന്ധപ്പെട്ടത്. വ്യാജ ഫോട്ടോകളും ശബ്‌ദ സന്ദേശങ്ങളും സാമൂഹിമ മാദ്ധ്യമങ്ങളിലൂടെ അയച്ചു സഹതാപം പിടിച്ചുപറ്റിയാണ് പണം തട്ടിയെടുത്തത്.
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ കുടുംബസ്വത്ത് വിറ്റ് തിരികെ നൽകാമെന്ന് അറിയിച്ചു. എന്നാൽ, വിൽപ്പന നടത്തുന്നതുമായി ബന്ധപ്പെട്ട് സാമുദായിക കലാപ സാഹചര്യമുണ്ടായി എന്നും ആത്‍മഹത്യയും കൊലപാതകവും നടന്നുവെന്നും അറിയിച്ചു. പരാതി നൽകിയ ഡോക്‌ടർ ഉൾപ്പടെ കേസിൽ പ്രതിയാകുമെന്നും ഭീഷണിപ്പെടുത്തി വീണ്ടും പണം തട്ടി.
പ്രതികൾ രാജസ്‌ഥാനിലെ ബഡി സാദരി, ചിറ്റോർ ഗട്ട്, മധ്യപ്രദേശിലെ അലോട്ട്, ഉജ്‌ജയിൻ എന്നീ സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്. തട്ടിയെടുത്ത പണം രാജസ്‌ഥാനിലെയും മധ്യപ്രദേശിലേയും ചൂതാട്ട കേന്ദ്രങ്ങളിലും ഓൺലൈൻ ചൂതാട്ടത്തിനും ഗെയിമിങ് സൈറ്റുകളിലും ചിലവഴിക്കുന്നതായി കണ്ടെത്തി. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചെക്ക് ബുക്കുകളും പിടിച്ചെടുത്തു.
അമിത് ജെയിൻ എന്ന് പരിചയപ്പെടുത്തിയ പ്രതി കഴിഞ്ഞ ജനുവരി മുതലാണ് പണം തട്ടാൻ ആരംഭിച്ചത്. ഡോക്‌ടറുടെ മകൻ വിവരം അറിഞ്ഞപ്പോൾ പോലീസിനെ സമീപിക്കുകയായിരുന്നു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണർ അരുൺ കെ പവിത്രന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്‌റ്റേഷൻ എസ്‌എച്ച്‌ഒ അങ്കിത് സിങ്ങിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
Most Read| സിപിഐക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്? അജിത് കുമാറിനെ നീക്കാൻ സർക്കാർ