മലപ്പുറം: നിലമ്പൂർ ജില്ലാ ആശുപത്രിയിൽ രണ്ട് ഗർഭസ്‌ഥ ശിശുക്കൾ മരിച്ചു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ റൈഡിന്റെ ഭാര്യ രജിത (27), ചുങ്കത്തറ കൈപ്പിനിയിലെ ചേന്നൻ രാജുമോന്റെ ഭാര്യ അർച്ചന(35) എന്നിവരുടെ കുഞ്ഞുങ്ങളാണ് മരിച്ചത്. വയറു വേദനയെ തുടർന്ന് വെള്ളിയാഴ്‌ച രാത്രിയാണ് രാജിതയെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാല് മാസം ഗർഭിണി ആയിരുന്നെങ്കിലും യുവതിയും വീട്ടുകാരും ഈ വിവരം അറിഞ്ഞിരുന്നില്ല.
ഇവർക്ക് 11 മാസം പ്രായമായ ഒരു കുഞ്ഞ് കൂടി ഉണ്ട്. രണ്ട് മാസം മുൻപ് വയറുവേദനയെ തുടർന്ന് മൂത്തേടം പിഎച്ച്സിയിൽ രജിത ചികിൽസ തേടിയിരുന്നു. എന്നാൽ, ഗർഭം ഉണ്ടെന്ന് കണ്ടെത്തുകയോ പരിശോധന നടത്തുകയോ ചെയ്‌തിരുന്നില്ല. ഇന്നലെ അർധ രാത്രി വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ജീവൻ നിലനിൽക്കാൻ സാധിക്കാത്തതിനാൽ കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. രജിതയുടെ ആരോഗ്യനില നിലവിൽ തൃപ്‌തികരമാണ്.
ഏഴ് മാസം ഗർഭിണിയായ അർച്ചനയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ ഇന്നലെ രാവിലെ എട്ടരയോടെ ചന്തക്കുന്നിൽ വെച്ചാണ് പ്രസവിച്ചത്. ഇവർ നേരത്തെ ചികിൽസ തേടുകയും കുട്ടിക്ക് തൂക്കക്കുറവ് ഉണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തിരുന്നു. യുവതിക്ക് 8,6 വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. അർച്ചന ജില്ലാ ആശുപത്രി ലേബർ റൂമിൽ നിരീക്ഷണത്തിലാണ്. ഇവർ പ്രസവിച്ചതിൽ അസ്വാഭാവികത ഇല്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Most Read: ചീനിക്കുഴി കൂട്ടക്കൊല; മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമെന്ന് ഹമീദ്