ഇടുക്കി: ജില്ലയിലെ ചീനിക്കുഴിയിൽ നാലംഗ കുടുംബത്തെ തീവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഹമീദിന്റെ മൊഴി രേഖപ്പെടുത്തി. കൊലപാതകത്തിന് പിന്നിൽ മട്ടൻ വാങ്ങി തരാത്തതിനെ തുടർന്നുണ്ടായ പ്രതികാരമാണെന്ന് ഹമീദ് അന്വേഷണ സംഘത്തിന് മൊഴി നൽകി. ഇന്നലെ മകനോട് മട്ടൻ വാങ്ങി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, മകൻ അതിന് തയ്യാറായില്ല. ജയിലിൽ മട്ടൻ ലഭിക്കുമെന്നതിനാലാണ് കൊലപാതകം നടത്തിയതെന്നും ഹമീദ് പറഞ്ഞു.
ഹമീദിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു. അതേസമയം, വീട്ടിൽ തെളിവെടുപ്പിന് എത്തിച്ച ഹമീദിന് നേരെ നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായി. ഇയാൾ കുറ്റം സമ്മതിച്ചതായി എറണാകുളം റെയ്ഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്‌ത വ്യക്‌തമാക്കിയിരുന്നു. കേസിൽ ശക്‌തമായ തെളിവുകളും, സാക്ഷികളും ഉണ്ടെന്നും, അതിനാൽ തന്നെ പ്രതി രക്ഷപെടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. ഹമീദിന്റെ മകന്‍ മുഹമ്മദ് ഫൈസല്‍, മരുമകള്‍ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്.
കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് കൃത്യം നടത്തിയത്. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമാണ് ഹമീദ് കൊലപാതകം നടത്തിയത്. തീപിടുത്തം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടാൽ വെള്ളമൊഴിച്ച് തീ കെടുത്താൻ ശ്രമിക്കുമെന്നതിനാൽ, വീട്ടിലേയും അയൽ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടു. കൂടാതെ മോട്ടർ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാൻ വൈദ്യുതിയും വിച്‌ഛേദിച്ചു.
വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടിയ ശേഷം ജനലിലൂടെ പെട്രോൾ അകത്തേക്ക് എറിഞ്ഞാണ് ഹമീദ് തീ വച്ചത്. തീ ഉയർന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാൽ കുടുംബം അഗ്‌നിക്കിരയാവുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് കുഞ്ഞുങ്ങളുടെ അടക്കം നാല് പേരുടെ ജീവൻ കവർന്നെടുത്ത നിഷ്‌ഠൂര കൊലയുടെ നടുക്കത്തിൽ നിന്ന് ഇടുക്കിയിലെ ചീനക്കുഴി പ്രദേശത്തുക്കാർ ഇതുവരെ മുക്‌തരായിട്ടില്ല.
Most Read: പരിയാരം മെഡിക്കൽ കോളേജിൽ അധ്യാപക, നഴ്‌സിങ് വിഭാഗത്തിൽ 668 സ്‌ഥിര നിയമനം