ബെര്‍ലിന്‍ : ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെയും സഹകരണത്തിന്റെയും സാധ്യതകള്‍ ചര്‍ച്ച ചെയ്യാനായി യുഎഇ-ഇസ്രയേല്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ കൂടിക്കാഴ്‌ച നടത്തി. ബെര്‍ലിനില്‍ വച്ചാണ് കൂടിക്കാഴ്‌ച നടന്നത്. യുഎഇ വിദേശകാര്യ, അന്താരാഷ്‌ട്ര സഹകരണ മന്ത്രി ശൈഖ് അബ്‌ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസിയും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത നയതന്ത്ര ഉദ്യോഗസ്‌ഥരും പങ്കെടുത്തു. യുഎഇ-ഇസ്രയേല്‍ രാജ്യങ്ങള്‍ തമ്മിലുള്ള സമ്പദ് വ്യവസ്‌ഥ, വ്യാപാരം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, സാങ്കേതിക വിദ്യ, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധത്തിന്റെ സാധ്യതകളാണ് ചര്‍ച്ചയില്‍ അവലോകനം ചെയ്‌തത്.
ബെര്‍ലിനിലെ വില്ല ബോര്‍സിഗില്‍ വച്ചാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്. കൂടിക്കാഴ്‌ചയിൽ പ്രാദേശികവും അന്തര്‍ദേശീയവുമായ നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിച്ചുവെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. ഒപ്പം തന്നെ യോഗത്തിലെ പ്രധാന ഘടകം ഇരു രാജ്യങ്ങളിലെയും സുസ്‌ഥിരതയും സമാധാനവും ലക്ഷ്യമിട്ട് ഒപ്പുവച്ച സമാധാന കരാറാണ്. കൂടാതെ കോവിഡ് വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ടും പരീക്ഷണ സംവിധാനങ്ങള്‍ സ്‌ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും ഇരു രാജ്യങ്ങള്‍ തമ്മില്‍ ചര്‍ച്ച നടന്നു.
Read also : ലക്ഷദ്വീപില്‍ സ്‌കൂളുകള്‍ തുറന്നു; കോവിഡ് ഇല്ലെങ്കിലും മാനദണ്ഡങ്ങള്‍ പാലിക്കും