അബുദാബി : രാജ്യത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ തൊഴിലാളികൾക്ക് ഉച്ചവിശ്രമം പ്രാബല്യത്തിൽ വന്നു. യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് പ്രകാരം ഇന്ന് മുതൽ നേരിട്ട് വെയിലേൽക്കുന്ന സ്ഥലങ്ങളിലോ, തുറസായ സ്ഥലങ്ങളിലോ ചെയ്യുന്ന ജോലികൾക്ക് ഉച്ചക്ക് 12.30 മുതൽ 3 മണി വരെ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
ഉച്ച സമയത്തെ ജോലി നിയന്ത്രണം ജൂൺ 15 മുതൽ സെപ്റ്റംബർ 15ആം തീയതി വരെയായിരിക്കും ഉണ്ടാകുക. ഈ കാലത്ത് ഏതെങ്കിലും സ്ഥാപനം നിയന്ത്രണ ലംഘനം നടത്തിയാൽ പിഴയും മറ്റ് നിയമ നടപടികളും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയന്ത്രണം ലംഘിക്കുന്ന സ്ഥാപനത്തിലെ ഒരു തൊഴിലാളിക്ക് 5000 ദിർഹം വച്ച് പരമാവധി 50,000 ദിർഹം വരെ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഉച്ചവിശ്രമ നിയമലംഘനം ശ്രദ്ധയിൽ പെട്ടാൽ 80060 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ച് റിപ്പോർട് ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി. നിയമം പ്രാബല്യത്തിൽ വന്നതോടെ രാവിലെയും വൈകുന്നേരവുമുള്ള രണ്ട് ഷിഫ്റ്റുകളിലായി പരമാവധി 8 മണിക്കൂര്‍ മാത്രമേ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കാൻ പാടുള്ളൂ. കൂടാതെ 24 മണിക്കൂർ സമയപരിധിയിൽ 8 മണിക്കൂറിൽ അധികം ജോലി ചെയ്യിച്ചാൽ തൊഴിലാളികൾക്ക് ഓവർടൈം വേതനം നൽകണമെന്നും അധികൃതർ വ്യക്തമാക്കി.
Read also : ‘സര്‍ക്കാരിന് ഭയക്കാൻ ഒന്നുമില്ല’; മുട്ടിൽ മരംമുറിയിൽ റവന്യൂ മന്ത്രി കെ രാജൻ








































