തിരുവനന്തപുരം: മുന്നണി വിപുലീകരണ വിഷയത്തില്‍ സിപിഎമ്മിലും സിപിഐയിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മുസ്ലിം ലീഗിനെ ഉള്‍പ്പെടെ തള്ളാതെ പ്രതികരണവുമായി എന്‍സിപി. യുഡിഎഫിലെ കക്ഷികള്‍ അസംതൃപ്തരെന്നും ബദല്‍ തേടുകയാണെന്നും മന്ത്രി എകെ ശശീന്ദ്രന് പറഞ്ഞു. പല പാര്‍ട്ടികളും ജനവിഭാഗങ്ങളും ശ്വാസംമുട്ടിയാണ് യുഡിഎഫില്‍ നില്‍ക്കുന്നത്.
മുന്നണി വിപുലീകരണം എന്നതിലൂടെ ഇടതുപക്ഷത്തിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്തുക എന്നാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഉദ്ദേശിച്ചത്. ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നാണ് കണ്‍വീനര്‍ പറഞ്ഞത്. യുഡിഎഫില്‍ നില്ക്കാന് ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ പോലും കഷ്ടപ്പെടുകയാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, എല്‍ഡിഎഫ് വിപുലീകരണം പരിഗണനയിലില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരത്തെ പറഞ്ഞിരുന്നു.
മുസ്ലിം ലീഗ് നേതാക്കളെ പ്രശംസിച്ചുള്ള എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ പരാമര്‍ശത്തെ സിപിഐ തള്ളിയിരുന്നു. പികെ കുഞ്ഞാലിക്കുട്ടിയെ ഇ പി ജയരാജന് കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാൽ ഇപി ജയരാജന് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് കാനം തിരിച്ചടിക്കുകയായിരുന്നു.
Read Also: തൃശൂർ പൂരം; പോലീസ് ഉന്നതതല ആലോചനാ യോഗം ബഹിഷ്കരിച്ച് ദേവസ്വങ്ങൾ










































