കീവ്: യുക്രൈനിലെ വിവിധയിടങ്ങളിൽ ഡ്രോൺ ആക്രമണം തുടർന്ന് റഷ്യ. ഒഡേസയിലെ ആശുപത്രിക്ക് നേരെയുണ്ടായ ഡ്രോണാക്രമണത്തിൽ കനത്ത നാശനഷ്‌ടങ്ങൾ റിപ്പോർട് ചെയ്‌തു. ആശുപത്രിയിലെ പ്രസവ വാർഡ് തകർന്നു. പ്രസവ വാർഡും എമർജൻസി മെഡിക്കൽ കെട്ടിടങ്ങളും ജനവാസ മേഖലകളും ലക്ഷ്യമിട്ട് വലിയ ഡ്രോൺ ആക്രമണം നടന്നതായി ഗവർണർ ഒലെഹ് കിപ്പെർ പറഞ്ഞു.
ജീവഹാനി റിപ്പോർട് ചെയ്‌തിട്ടില്ല. രോഗികളെയും ജീവനക്കാരെയും ഉടൻ സ്‌ഥലത്ത് നിന്ന് ഒഴിപ്പിച്ചെന്നും ഗവർണർ പറഞ്ഞു. അതേസമയം, കീവിലെ നാല് ജില്ലകളിലേക്ക് ഡോക്‌ടർമാരെ വിളിപ്പിച്ചു. ആക്രമണം തുടരുകയാണെന്നും ജനങ്ങളോട് സുരക്ഷിത സ്‌ഥലങ്ങളിൽ തുടരണമെന്നും സൈന്യം മുന്നറിയിപ്പ് നൽകി.
ഡ്രോൺ ആക്രമണത്തിൽ പടിഞ്ഞാറ് പോളണ്ട് അതിർത്തിക്കടുത്തുള്ള സൈനിക വിമാനത്താവളത്തിലും നാശമുണ്ടായി. അതേസമയം, 479 റഷ്യൻ ഡ്രോണുകളിൽ 460 എണ്ണവും 20 മിസൈലുകളിൽ 19 എണ്ണവും വെടിവെച്ചിട്ടെന്ന് യുക്രൈൻ അവകാശപ്പെട്ടു.
അതിനിടെ, ആഴ്‌ചകളായി ഏറ്റുമുട്ടൽ നടക്കുന്ന നിപ്രോപെട്രോവിക്‌സ് പ്രവിശ്യയിലെ തന്ത്രപ്രധാന പ്രദേശം പിടിച്ചെടുത്തതായി റഷ്യൻ സേന അവകാശപ്പെട്ടു. ഇതോടെ കിഴക്കൻ പ്രവിശ്യയായ ഡോണെറ്റ്സ്‌കിൽ ചെറുത്തുനിൽപ്പ് തുടരുന്ന യുക്രൈൻ സേനയ്‌ക്ക് സഹായമെത്തിക്കാനുള്ള വഴിയടയും.
Most Read| ജീവന്റെ സാന്നിധ്യം, ഒരുലക്ഷത്തിലധികം വർഷം പഴക്കം; സമുദ്രത്തിനടിയിൽ നിഗൂഢ നഗരം!