കൊച്ചി: മാനദണ്ഡങ്ങൾ ലംഘിച്ച് അനധികൃതമായി കോവിഡ് പരിശോധന നടത്തിവന്നിരുന്ന ഇടപ്പള്ളിയിലെ സ്വകാര്യ ലാബിനെതിരെ നടപടി. കൊച്ചിൻ ഹെൽത്ത് കെയർ ഡയഗ്നോസിസ് സെന്റർ ജില്ലാ കളക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ പൂട്ടിച്ചു. ലാബുടമയ്ക്ക് എതിരെ പകർച്ചവ്യാധി തടയൽ നിയമപ്രകാരം കേസെടുക്കുമെന്നും കളക്ടർ അറിയിച്ചു.
ലാബിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പരിശോധന നടക്കുന്നതെന്ന പരാതി നേരത്തെ തന്നെ ലഭിച്ചിരുന്നു. കോവിഡ് പരിശോധന നടത്തുന്നതിനുള്ള ലൈസൻസോ ഐസിഎംആർ അപ്രൂവലോ ഉണ്ടായിരുന്നില്ല. ലാബ് ജീവനക്കാർ ഒരേ പിപിഇ കിറ്റ് ഉപയോഗിച്ചാണ് ഒന്നിലധികം ദിവസം പ്രവർത്തിച്ചിരുന്നത്. കൂടാതെ കോവിഡ് പരിശോധനാ ഫലം കൃത്യമായി ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന നിർദ്ദേശവും പാലിച്ചിരുന്നില്ല. ഇതിനെ തുടർന്ന് ജില്ലയിലെ കോവിഡ് കണക്കുകൾ ഏകീകരിക്കുന്നതിന് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നുവെന്നും കളക്ടർ പറയുന്നു.
ഇന്ന് രാവിലെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ്, ഡ്രഗ്സ് കൺട്രോൾ വകുപ്പ് തുടങ്ങിയവർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇത്തരം നടപടികൾ വരും ദിവസങ്ങളിലും തുടരുമെന്നും കളക്ടർ അറിയിച്ചു.
Also Read: വയോധികരായ മാതാപിതാക്കളെ അടിച്ചുകൊന്നു; മകൻ കസ്റ്റഡിയിൽ








































