ആന്റിഗ്വ: അണ്ടർ 19 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഇന്ത്യ ഇന്ന് ബംഗ്ളാദേശിനെതിരെ കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യൻമാരും റണ്ണേഴ്സ് അപ്പും ഏറ്റുമുട്ടുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഇന്നത്തെ മൽസരത്തിന്. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ കീഴടക്കിയാണ് ബംഗ്ളാദേശ് കപ്പടിച്ചത്. ഇക്കുറി അതിന് മധുര പ്രതികാരം ചെയ്യാനാകുമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.
ഇന്നത്തെ കളിയിൽ വിജയിക്കുന്ന ടീം സെമിഫൈനലിൽ ഓസ്‌ട്രേലിയയെ നേരിടും. ഫെബ്രുവരി ഒന്നിനാണ് സെമിഫൈനൽ പോരാട്ടങ്ങൾ ആരംഭിക്കുക. ആദ്യ മൽസരത്തിൽ ഇംഗ്ളണ്ട് അഫ്ഗാനിസ്‌ഥാനെ നേരിടും. ഫെബ്രുവരി രണ്ടിനാണ് രണ്ടാം സെമി.
അതേസമയം കോവിഡ് ബാധയെ തുടർന്ന് പുറത്തായിരുന്ന ക്യാപ്റ്റൻ യാഷ് ധുൽ അടക്കം ടീമിലെ അഞ്ച് പേർ നെഗറ്റീവായി മടങ്ങി എത്തുന്നത് ഇന്ത്യയ്‌ക്ക് ശുഭ പ്രതീക്ഷ നൽകുന്നുണ്ട്. അഞ്ച് താരങ്ങൾ നെഗറ്റീവായപ്പോൾ യാഷ് ധുലിന്റെ അഭാവത്തിൽ ടീമിനെ രണ്ട് മൽസരങ്ങളിൽ നയിച്ച നിഷാന്ത് സിന്ധു കോവിഡ് പോസിറ്റീവായി. സിന്ധുവിനു പകരം ലെഫ്റ്റ് ആം സ്‌പിന്നർ അനീശ്വർ ഗൗതം ടീമിലെത്തി.
ബംഗ്ളാദേശിനെതിരെ ഇന്ത്യയുടെ ഫുൾ സ്ട്രെങ്ത് ടീം തന്നെയാകും ഇന്ന് ഇറങ്ങുക. ടൂർണമെന്റിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളിൽ യഥാക്രമം നാലാമതും അഞ്ചാമതുമുള്ള ആംഗ്ക്രിഷ് രഘുവൻശിയും രാജ് ബവയും തന്നെയാവും ഇന്ത്യയുടെ റൺവേട്ടക്ക് ചുക്കാൻ പിടിക്കുക. കൂടാതെ ക്യാപ്റ്റൻ യാഷ് ധുൽ, ഏഷ്യാ കപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ ഹർനൂർ സിംഗ് എന്നിവരുടെ പ്രകടനങ്ങളും നിർണായകമാവും. 8 വിക്കറ്റ് വീഴ്‌ത്തിയ വിക്കി ഓസ്‌വാളാണ് ബൗളിംഗിൽ മുന്നിട്ടുനിൽക്കുന്നത്.
Most Read: വിക്രം- ധ്രുവ് ചിത്രം ‘മഹാനി’ലെ പുതിയ ലിറിക്കല്‍ വീഡിയോ ശ്രദ്ധനേടുന്നു