കണ്ണൂർ: രാജ്യത്ത് ഏകസിവിൽ കോഡ് നിയമം നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കെ റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയാവില്ല അത്. പിന്നെ ജാതിക്കൊന്നും ഒരു പ്രസക്‌തിയും ഉണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. എൻഡിഎ സംസ്‌ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉൽഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
‘മോദി ഭരണത്തിൽ ജാതിയില്ല. പ്രീണനമില്ല. ഏക വ്യക്‌തി നിയമത്തിന് വേണ്ടി നിലകൊള്ളുന്ന സർക്കാരാണ്. അത് അടുത്ത തിരഞ്ഞെടുപ്പിൽ വാഗ്‌ദാനമായി വരുമെങ്കിൽ, അത് നടപ്പാക്കിയെടുക്കുമെങ്കിൽ പിന്നെ എവിടെയാണ് ജാതിക്ക് സ്‌ഥാനം? അത് സംഭവിച്ചിരിക്കും. കെ റെയിൽ വരും കേട്ടോ എന്ന് പറയുന്നത് പോലെയല്ല. അത് വന്നിരിക്കും. ആരും കരുതേണ്ട ഇത് ഏതെങ്കിലും വിഭാഗത്തിന് എതിരാണെന്ന്. ആ വിഭാഗം തന്നെയായിരിക്കും അതിന്റെ ഏറ്റവും വലിയ ഗുണഭോക്‌താക്കൾ’- സുരേഷ് ഗോപി പറഞ്ഞു.
സംസ്‌ഥാന സർക്കാർ വെറും കേസെടുപ്പ് സർക്കാരായി അധഃപതിച്ചുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ കേസ് എന്നാണ് സ്‌ഥിതി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിന്റെ പ്രഥമ പൗരന് പോലും സഞ്ചാര സ്വാതന്ത്ര്യം ഇല്ലാത്ത സ്‌ഥിതിയാണ്. പദയാത്ര തിരുവനന്തപുരത്ത് അവസാനിക്കുമ്പോഴും സംസ്‌ഥാനത്തെ അധമ ഭരണത്തിൻമേൽ ഇടിത്തീ വീഴട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞു. ഫെബ്രുവരി രണ്ടിന് കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി റിപ്പോർട് സർക്കാരിന് കൈമാറുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽ കോഡും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കാനാണ് ബിജെപിയുടെ തീരുമാനം.
Most Read| സംവരണ പട്ടിക പുതുക്കൽ; ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണമെന്ന് കേരളം