ന്യൂഡെൽഹി: കേരളത്തിൽ പ്രത്യേക ജാതി സർവേ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന വ്യക്‌തമായ സൂചന നൽകി സംസ്‌ഥാനം സുപ്രീം കോടതിയിൽ. സംവരണ പട്ടിക പുതുക്കുന്നതിന് ആവശ്യമായ ഡേറ്റ കേന്ദ്രത്തിൽ നിന്ന് ശേഖരിക്കണം എന്നതാണ് സംസ്‌ഥാനത്തിന്റെ നിലപാടെന്ന് കേരള സർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. സംവരണത്തിന് അർഹരായ പിന്നാക്ക വിഭാഗങ്ങളുടെ പട്ടിക പുതുക്കുന്നില്ലെന്ന കോടതിയലക്ഷ്യ ഹരജിയിലാണ് കേരളത്തിന്റെ സത്യവാങ്‌മൂലം.
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടത്തേണ്ടത് കേന്ദ്രസർക്കാർ ആണെന്നാണ് സർക്കാർ വാദം. കേന്ദ്രം കൃത്യമായ ഡേറ്റ കൈമാറാത്തത് കോടതി നിർദ്ദേശം നടപ്പിലാക്കുന്നതിനെ ബാധിച്ചുവെന്ന് വ്യക്‌തമാക്കുന്നതാണ് കേരളത്തിന്റെ സത്യവാങ്മൂലം. അനർഹരെ ഒഴിവാക്കി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാൻ സുപ്രീം കോടതി മതിയായ സമയം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മൈനോറിറ്റി പ്ളാനിങ് ആൻഡ് വിജിലൻസ് കമ്മീഷൻ ട്രസ്‌റ്റ് ചെയർമാൻ വികെ ബീരാന് വേണ്ടി അഭിഭാഷകനായ ഹാരീസ് ബീരാനാണ് കോടതിയലക്ഷ്യ ഹരജി നൽകിയത്.
2011ൽ സെൻസെസിന്റെ ഭാഗമായി കേന്ദ്രം ഡേറ്റ ശേഖരിച്ചിരുന്നു. ഇതുസംബന്ധിച്ച റിപ്പോർട് പിന്നീട് പ്രസിദ്ധീകരിച്ചില്ല. പിന്നീട്, സെൻസസ് വകുപ്പ് ഗ്രാമവികസന വകുപ്പ് വഴിയും വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, ഇവ സംസ്‌ഥാന സർക്കാരിന് കൈമാറിയിരുന്നില്ല. സംവരണ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്ക് കേരളത്തിലെ സാമൂഹിക- സാമ്പത്തിക-വിദ്യാഭ്യാസ വിവരങ്ങൾ പ്രധാനമാണ്. കേന്ദ്രം വിവരങ്ങൾ ശേഖരിച്ചത് കൂടി പരിഗണിച്ചു ഇത് അവരിൽ നിന്ന് ശേഖരിക്കാമെന്ന അഭിപ്രായമാണ് സംസ്‌ഥാനത്തിന്.
കൊവിഡ്, തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ എന്നിവയെ തുടർന്ന് ഉത്തരവ് നടപ്പിലാക്കുന്നതിന് സുപ്രീം കോടതി സമയം നീട്ടി നൽകിയെങ്കിലും മതിയായ ഡേറ്റ കേന്ദ്രം കൈമാറിയിരുന്നില്ല. തുടർന്ന്, റിപ്പോർട് കൈമാറണമെന്ന് ആവശ്യപ്പെട്ട് 2022 നവംബറിൽ സംസ്‌ഥാന സർക്കാർ കേന്ദ്രത്തിന് കത്ത് നൽകി. കേന്ദ്രം നൽകിയ റിപ്പോർട് കേരള സംസ്‌ഥാന പിന്നാക്ക കമ്മീഷൻ ചെയർമാന് 2023 മെയ് മാസത്തിൽ കൈമാറി.
എന്നാൽ, പര്യാപ്‌തമായ വിവരങ്ങൾ ഇതിലുണ്ടായിരുന്നില്ല. ഹൈക്കോടതിയുടെ ഉത്തരവോ സുപ്രീം കോടതിയുടെ നിർദ്ദേശമോ ലംഘിക്കാൻ മനഃപൂർവ്വമായ നടപടി ഉണ്ടായിട്ടില്ല. കോടതിയലക്ഷ്യ ഹരജിയോ പുനഃപരിശോധനാ ഹരജിയോ നിലനിൽക്കുന്നതല്ല. അതുകൊണ്ട് തന്നെ ഇവ പരിഗണനാ ഘട്ടത്തിൽ തന്നെ തള്ളിക്കളയണമെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.
Most Read| 56 രാജ്യസഭാ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് ഫെബ്രുവരി 27ന്