ന്യൂ ഡെല്‍ഹി: പ്രതിദിനം അഞ്ച് ലക്ഷം പിപിഇ കിറ്റുകള്‍ രാജ്യത്ത് നിര്‍മിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ധന്‍. കോവിഡ് ചികിത്സാ രംഗത്ത് വ്യക്തിഗത സുരക്ഷ ഉറപ്പാക്കുന്ന പ്രധാനപ്പെട്ട ഉപകരണമാണ് പിപിഇ കിറ്റ്. രാജ്യത്ത് നിലവില്‍ 110 പിപിഇ നിര്‍മാണ കമ്പനികളാണ് ഉള്ളത്. കോവിഡ് വ്യാപനം തുടങ്ങിയ സാഹചര്യത്തില്‍ വേണ്ടത്ര പിപിഇ കിറ്റുകള്‍ കിട്ടാനില്ലാതെ രാജ്യത്തെ പല സംസ്ഥാനങ്ങളും ബുദ്ധിമുട്ടിയിരുന്നു.
‘രാജ്യത്തെ 110 കമ്പനികളിലായി 5 ലക്ഷം പിപിഇ കിറ്റുകളാണ് പ്രതിദിനം ഉല്‍പാദിപ്പിക്കുന്നത്. ആദ്യം പിപിഇ കിറ്റ് കിട്ടാനില്ലെന്ന് പരാതി പറഞ്ഞിരുന്ന സംസ്ഥനങ്ങള്‍ക്ക് ഇപ്പോള്‍ അവ സംഭരിക്കാന്‍ സഥലമില്ലെന്നാണ് പരാതി’- ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 79-ാമത് സിഎസ്‌ഐആര്‍ സ്ഥാപകദിന പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ നടന്ന 7 കോടി പരിശോധനകളുടെ ഭാഗമായി കോവിഡ് മുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.