ഡെൽഹി: സുപ്രീം കോടതി നിർദേശ പ്രകാരം മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട് ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ചു. സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തനായെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്.
മഥുര മെഡിക്കൽ കോളജിലെ ചികിൽസക്ക് ശേഷം സിദ്ദീഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്നും സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കാപ്പന്റെ ആരോഗ്യനില വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട് സമർപ്പിക്കാൻ സുപ്രീം കോടതി ഇന്നലെയാണ് നിർദേശിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ദീഖ് കാപ്പൻ കോവിഡ് മുക്തനായെന്ന് ചൂണ്ടിക്കാട്ടിയുള്ള മെഡിക്കൽ റിപ്പോർട് ഉൾപ്പെടെ ഉത്തർപ്രദേശ് സർക്കാർ സത്യവാങ്മൂലം നൽകിയത്. സിദ്ദീഖ് കാപ്പന്റെ മോചനം ആവശ്യപ്പെട്ടുള്ള ഹരജി തള്ളണമെന്നും ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.
സിദ്ദീഖ് കാപ്പൻ ഉത്തർപ്രദേശിലെ മഥുര കെഎം മെഡിക്കൽ കോളജിൽ ദുരിതത്തിലാണെന്നും കാപ്പനെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിൽസ് മാത്യൂസാണ് സുപ്രീം കോടതിയെ സമീപിച്ചത്.
എന്നാൽ സിദ്ദീഖ് കാപ്പനെ കെട്ടിയിട്ടിട്ടില്ല എന്നായിരുന്നു ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞത്. ഇതോടെ മെഡിക്കൽ റിപ്പോർട് ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിക്കുകയായിരുന്നു.
Kerala News: ജീവനക്കാർക്ക് കോവിഡ്, യാത്രക്കാരില്ല; വീണ്ടും സർവീസ് വെട്ടിക്കുറച്ച് കെഎസ്ആർടിസി