വാഷിങ്‌ടൺ: അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ ജയിലിലായിരുന്ന വിക്കിലീക്‌സ് സ്‌ഥാപകൻ ജൂലിയൻ അസാൻജിനെ സ്വതന്ത്രനാക്കി യുഎസ് കോടതി. യുഎസുമായുള്ള ധാരണാപ്രകാരം ചാരക്കുറ്റം ഏറ്റെടുത്ത അസാൻജിനെ യുഎസ് കോടതി മൂന്ന് മണിക്കൂർ വിചാരണ ചെയ്‌ത ശേഷം ജൻമനാടായ ഓസ്‌ട്രേലിയയിലേക്ക് മടങ്ങാൻ അനുവദിച്ചു.
2019 ഏപ്രിൽ മുതൽ ലണ്ടനിലെ ബെൽമാർഷ് ജയിലിലായിരുന്നു ജൂലിയൻ അസാൻജ്. തിങ്കളാഴ്‌ചയാണ് ജയിൽ മോചനം സാധ്യമായത്. പലവിധ ആരോപണങ്ങളിൽ സൈനിക രഹസ്യരേഖകൾ കൈക്കലാക്കാൻ ഗൂഢാലോചന നടത്തിയെന്ന കുറ്റം മാത്രം സമ്മതിച്ച് യുഎസുമായി ധാരണയിൽ എത്തിയതോടെയാണ് തിങ്കളാഴ്‌ച അദ്ദേഹത്തിന് ജയിൽമോചനം സാധ്യമായത്.
യുഎസിൽ ചെല്ലാൻ വിസമ്മതിച്ച അസാൻജിനെ നിലപാട് മാനിച്ച്, പസഫിക് സമുദ്രത്തിലെ കോമൺവെൽത്ത് പ്രദേശമായ നോർത്തേൺ മരിയാന ദ്വീപസമൂഹങ്ങളിലുള്ള സൈപനിലെ കോടതിയിലാണ് വിചാരണ നടന്നത്. ശിക്ഷയായി വിധിക്കുന്ന 62 മാസം തടവ് ഇതിനോടകം അനുഭവിച്ചതായി കണക്കാക്കി അസാൻജിനെ ജൻമനാട്ടിലേക്ക് മടങ്ങാൻ അനുവദിക്കുകയായിരുന്നു.
‘പത്രപ്രവർത്തകനായിരിക്കെ രഹസ്യസ്വഭാവമുള്ള വസ്‌തുതകൾ പ്രസിദ്ധീകരിക്കുന്നതിന് എന്റെ സോഴ്‌സുകളെ താൻ പ്രോൽസാഹിപ്പിച്ചു. പ്രവർത്തി നിയമപരിരക്ഷയിൽ ഉൾപ്പെടുന്നതാണെന്ന് ഞാൻ തെറ്റിദ്ധരിച്ചു. പക്ഷേ അത് ചാരവൃത്തി നിയമലംഘനമാണെന്ന് ഞാൻ അംഗീകരിക്കുന്നു’- ജൂലിയൻ അസാൻജ് കോടതിയിൽ പറഞ്ഞു.
യുഎസ് സർക്കാറിന്റെ ആയിരക്കണക്കിന് രഹസ്യരേഖകൾ ചോർത്തി തന്റെ വെബ്‌സൈറ്റായ വിക്കിലീക്‌സിലൂടെ പ്രസിദ്ധീകരിച്ചത് ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയുണ്ടാക്കി എന്നാണ് അമേരിക്കയുടെ ആരോപണം. 2010ലാണ് അമേരിക്കയെ നടുക്കി ആയിരക്കണക്കിന് യുദ്ധരേഖകൾ അടക്കം വിക്കിലീക്‌സ് പുറത്തുവിട്ടത്. അമേരിക്കൻ സൈനിക രഹസ്യങ്ങളും നയതന്ത്ര രേഖകളും പുറത്തുവിട്ടതുമായി ബന്ധപ്പെട്ട 18 കേസുകളാണ് അസാൻജിനെതിരെയുള്ളത്.
Health| എന്നുമുള്ള ചായയും കാപ്പി കുടിയും നിർത്തിക്കോ! ജാഗ്രത വേണമെന്ന് ഐസിഎംആർ