വാഷിങ്ടൻ: റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിനെതിരെ രൂക്ഷവിമർശനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് രംഗത്ത്. പുട്ടിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ചാണ് ട്രംപിന്റെ വിമർശനം. യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ വ്യോമാക്രമണമാണ് കഴിഞ്ഞദിവസം റഷ്യ യുക്രൈനിൽ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പുട്ടിനെ ഭ്രാന്തൻ എന്ന് ട്രംപ് വിശേഷിപ്പിച്ചത്.
”പുട്ടിനുമായി എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു. പക്ഷെ അയാൾക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. അയാൾ ഒരു ഭ്രാന്തനായി. അനാവശ്യമായി ആളുകളെ കൊല്ലുന്നു. ഞാൻ സൈനികരെ കുറിച്ചല്ല സംസാരിക്കുന്നത്. ഒരു കാരണവുമില്ലാതെ യുക്രൈനിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും വിക്ഷേപിക്കുകയാണ്. യുക്രൈന്റെ ഒരു ഭാഗം മാത്രമല്ല, മറിച്ചു യുക്രൈൻ മുഴുവനായി കീഴടക്കാനാണ് റഷ്യ ആഗ്രഹിക്കുന്നത്.
ഇത് ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. പക്ഷെ പുട്ടിൻ അങ്ങനെ ചെയ്താൽ അത് റഷ്യയുടെ പതനത്തിലേക്ക് നയിക്കും. പുട്ടിൻ ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ സന്തുഷ്ടനല്ല. അദ്ദേഹം ധാരാളം ആളുകളെ കൊല്ലുന്നു, പുട്ടിന് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. യുക്രൈൻ നഗരങ്ങളിലേക്ക് റോക്കറ്റുകൾ അയച്ചു ആളുകളെ കൊല്ലുകയാണ്. എനിക്ക് അത് ഒട്ടും ഇഷ്ടമല്ല.- ”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
യുക്രൈൻ പ്രസിഡണ്ട് വ്ളോഡിമിർ സെലെൻസ്കിയെയും ട്രംപ് രൂക്ഷമായി വിമർശിച്ചു. സെലെൻസ്കിയുടെ സംസാരരീതി ശരിയല്ലെന്നായിരുന്നു ട്രംപിന്റെ വിമർശനം. ”അദ്ദേഹത്തിന്റെ വായിൽ നിന്ന് വരുന്നതെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എനിക്ക് അത് ഇഷ്ടമല്ല. അത് നിർത്തുന്നതാണ് നല്ലത്. യുദ്ധം തുടങ്ങുന്ന സമയത്ത് ഞാനായിരുന്നു പ്രസിഡണ്ട് എങ്കിൽ ഇങ്ങനെ സംഭവിക്കുമായിരുന്നില്ല. യുദ്ധം തുടങ്ങാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. ഇത് സെലെൻസ്കിയുടെയും പുട്ടിന്റെയും ബൈഡന്റെയും യുദ്ധമാണ്. ട്രംപിന്റെ യുദ്ധമല്ല”- ട്രംപ് പറഞ്ഞു.
യുക്രൈനെതിരായ റഷ്യൻ ആക്രമണം ശക്തമാകുന്നതിനിടെയാണ് പുട്ടിനെ വിമർശിച്ചു ട്രംപ് രംഗത്തെത്തിയത്. യുക്രൈനിൽ നടക്കുന്ന ആക്രമണത്തിന് മറുപടിയായി റഷ്യക്കെതിരായ ഉപരോധങ്ങൾ വർധിപ്പിക്കുന്നതിനെ കുറിച്ച് യുഎസ് ആലോചിക്കുകയാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രൈനെ ആക്രമിച്ച് കീഴടക്കാനുള്ള ഏതൊരു ശ്രമവും റഷ്യയുടെ പതനത്തിലേക്ക് നയിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഇതോടെ, റഷ്യ- യുഎസ് ബന്ധം കൂടുതൽ വഷളായി.
Most Read| ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ