ന്യൂഡെൽഹി: കിഴക്കൻ ലഡാക്കിലെ മേഖലകളിൽ നിന്ന് ഇന്ത്യയുടേയും ചൈനയുടെയും സൈനിക പിൻമാറ്റ നടപടി പൂർത്തിയായി. ഡെപ്‌സാങ്, ഡെംചോക് മേഖലകളിലാണ് സൈനിക പിൻമാറ്റം പൂർത്തിയായത്. മേഖലകളിൽ പട്രോളിങ് വൈകാതെ ആരംഭിക്കും.
നിയന്ത്രണ രേഖയിൽ നിന്ന് പിൻവാങ്ങുന്നതിൽ ധാരണയായതായി കഴിഞ്ഞ ആഴ്‌ചയാണ് ഇന്ത്യ പ്രഖ്യാപിച്ചത്. തുടർന്ന് ചൈനയും ഇക്കാര്യം സ്‌ഥിരീകരിക്കുകയായിരുന്നു. പട്രോളിങ് 2020 ഏപ്രിലിന് മുൻപുള്ള നിലയിലായിരിക്കും പുനരാരംഭിക്കുക.
ഡെപ്‌സാങ്, ഡെംചോക് മേഖലകളിലെ അടിസ്‌ഥാന സൗകര്യങ്ങളടക്കമുള്ളവ ഇരുപക്ഷത്ത് നിന്നുമുള്ള സൈനികർ നീക്കം ചെയ്‌തിട്ടുണ്ട്. ഇരുവിഭാഗവും പരസ്‌പരം ഇത് പരിശോധിച്ച് വരികയാണ്. 2020ൽ ചൈനീസ് പക്ഷത്ത് നിന്ന് ആക്രമണം ഉണ്ടാകുന്നതിന് മുമ്പുള്ള സ്‌ഥിതി പുനഃസ്‌ഥാപിക്കുകയാണ് ലക്ഷ്യം.
കരാറിന് അനുസൃതമായി ഇന്ത്യയും ചൈനയും മുന്നോട്ട് പോവുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയവും പ്രസ്‌താവന പുറത്തിറക്കിയിട്ടുണ്ട്. വളരെ വേഗത്തിൽ തന്നെ ഈ പ്രക്രിയ മുന്നോട്ട് പോകുന്നതായി ചൈനീസ് വിദേശകാര്യ വക്‌താവ് ലിൻ ജിയാൻ പറഞ്ഞു.
അതേസമയം, അതിർത്തി മേഖലകളിൽ സൈനിക പിൻമാറ്റം നടപ്പാക്കാനുള്ള ഇന്ത്യ-ചൈന തീരുമാനത്തെ സ്വാഗതം ചെയ്‌ത് യുഎസ് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് രംഗത്തെത്തി. യുഎസ് സ്‌ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും, വിഷയത്തിൽ ഇന്ത്യയുമായി ചർച്ചകൾ നടത്തിയെന്നും സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്‌താവ് മാത്യു മില്ലർ പറഞ്ഞു.
2020 ജൂണിൽ ഗാൽവാൻ സംഘർഷത്തെ തുടർന്നാണ് നിയന്ത്രണ രേഖയിൽ ഇരു രാജ്യങ്ങളും സന്നാഹങ്ങൾ വർധിപ്പിച്ചത്. 2020 മെയ് മാസം മുതലുണ്ടായ ഉരസലുകള്‍ക്ക് ഒടുവിലാണ് ഗാൽവാൻ സംഘര്‍ഷമുണ്ടായത്. 20 ഇന്ത്യന്‍ സൈനികരും, നിരവധി ചൈനീസ് പട്ടാളക്കാരും കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ കൊല്ലപ്പെട്ട പട്ടാളക്കാരുടെ എണ്ണം ചൈനീസ് പുറത്തുവിട്ടിട്ടില്ല.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!