വാഷിങ്ടൻ: പശ്ചിമേഷ്യയിൽ വീണ്ടും സൈനിക ശക്തി ഉയർത്തി യുഎസ്. നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ എത്തിച്ചേർന്നു. 2500 മറീനുകൾ ഉൾപ്പടെ 3500ലധികം സേനാംഗങ്ങളും ആയിട്ടാണ് കപ്പൽ പശ്ചിമേഷ്യയിൽ എത്തിയത്.
യുഎസ്എസ് ട്രിപ്പോളി തങ്ങളുടെ പ്രവർത്തന പരിധിയിൽ എത്തിച്ചേർന്നതായി യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു. ജപ്പാനിലായിരുന്ന ഈ കപ്പൽ രണ്ടാഴ്ച മുമ്പാണ് പ്രത്യേക നിർദ്ദേശത്തെ തുടർന്ന് ഇറാൻ ദൗത്യത്തിന്റെ ഭാഗമാകാനായി പശ്ചിമേഷ്യയിലേക്ക് തിരിച്ചത്. എഫ്-35 സ്റ്റെൽത്ത് ഫൈറ്റർ ജെറ്റുകളെയും ഓസ്പ്രേകളെയും വഹിക്കാൻ കഴിവുള്ള യുദ്ധക്കപ്പലാണിത്.
കൂടാതെ, യുഎസ്എസ് ബോക്സറും സാൻഡിയാഗോയിൽ നിന്നുള്ള നാവിക യൂണിറ്റുകളും ഉടൻ തന്നെ സംഘർഷ മേഖലയിൽ എത്തുമെന്ന് യുഎസ് കമാൻഡ് വ്യക്തമാക്കി. ഒരുഭാഗത്ത് പെന്റഗൺ ഇറാനിൽ കരയാക്രമണത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് കരയിലും കടലിലും സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകാനായി രൂപകൽപ്പന ചെയ്ത യുഎസ്എസ് ട്രിപ്പോളി മേഖലയിലേക്ക് എത്തിച്ചേർന്നത്.
യുഎസ് ഉദ്യോഗസ്ഥരിൽ നിന്നുള്ള വിവരമനുസരിച്ച്, നിലവിലെ പദ്ധതികൾ സൂചിപ്പിക്കുന്നത് കരയുദ്ധമെന്നത് പൂർണമായ അധിനിവേശമായിരിക്കില്ല. മറിച്ച്, പ്രത്യേക ദൗത്യസംഘവും കരസേനയും സംയുക്തമായുള്ള ഒരു ആക്രമണമായിരിക്കും എന്നതാണ്. നിലവിൽ കരസേനയുടെ സഹായമില്ലാതെ തന്നെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കക്ക് സാധിക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വെള്ളിയാഴ്ച പറഞ്ഞിരുന്നു.
ചർച്ചകൾ നടക്കുന്നുണ്ടെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിലേക്കാണ് പോകുന്നത്. സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചതോടെ പെന്റഗൺ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തുന്നുവെന്നാണ് യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. ഇറാന് പിന്തുണയുമായി ഹൂതികളും ഇറങ്ങിയതോടെ ആശങ്ക വർധിച്ചിട്ടുണ്ട്.
Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം







































