കീവ്: യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾ തുടരുന്നതിനിടയിലും, ആക്രമണം തുടർന്ന് യുക്രൈനും റഷ്യയും. യുക്രൈന്റെ തലസ്ഥാനമായ കീവിൽ റഷ്യ വൻ ആക്രമണം നടത്തി. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ യുക്രൈനിലെ പ്രധാന ഭരണ കേന്ദ്രങ്ങളിൽ ഒന്നായ മന്ത്രിസഭാ മന്ദിരവും ആക്രമിക്കപ്പെട്ടു.
മിസൈൽ ആക്രമണത്തിന് പിന്നാലെ മന്ത്രിസഭാ മന്ദിരത്തിൽ നിന്ന് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ആക്രമത്തിൽ രണ്ടുപേർ മരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. മരിച്ചവരിൽ ഒരുവയസുള്ള കുട്ടിയും ഉൾപ്പെടുന്നു. 11 പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ കീവിൽ നടക്കുന്ന രണ്ടാമത്തെ വലിയ മിസൈൽ ആക്രമണമാണിത്.
ഇതുവരെ യുക്രൈന്റെ സർക്കാർ മന്ദിരങ്ങളെ റഷ്യ ഒഴിവാക്കിയിരുന്നു. എന്നാൽ, സമാധാന ശ്രമങ്ങളെ കാറ്റിൽപ്പറത്തിയാണ് യുക്രൈൻ മന്ത്രിസഭാ മന്ദിരത്തിന് നേർക്ക് റഷ്യ ആക്രമണം നടത്തിയിരിക്കുന്നത്. അതേസമയം, ആക്രമണത്തിന് തിരിച്ചടിയായി റഷ്യയിലെ ബ്രയാൻസ്ക് മേഖലയിലെ ഡ്രുഷ്ബ എണ്ണ പൈപ്പ് ലൈൻ യുക്രൈൻ ആക്രമിച്ചു. ഹംഗറിയിലേക്കും സ്ളോവാക്യയിലേക്കും എണ്ണ വിതരണം ചെയ്യുന്ന ട്രാൻസിറ്റ് പൈപ്പ് ലൈനാണ് യുക്രൈൻ ആക്രമിച്ചത്.
Most Read| നിന്നനിൽപ്പിൽ അപ്രത്യക്ഷമാകും, ഉടൻ പ്രത്യക്ഷപ്പെടും; അത്ഭുത തടാകം







































