ന്യൂഡെൽഹി: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണ് മരിച്ചവരുടെ എണ്ണം 36 ആയി. അപകടം നടന്ന തപോവനിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. തെരച്ചിൽ പുരോഗമിക്കുന്നതിനിടെ ഉച്ചയോടുകൂടി ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയർന്നത് ആശങ്ക വർധിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് നിർത്തിവെച്ച രക്ഷാപ്രവർത്തനം പിന്നീട് പുനരാരംഭിച്ചു.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഋഷി ഗംഗയുടെ താഴ്ന്ന മേഖലയിലുള്ളവരെ ഉടൻ തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരുന്നു. മിനുറ്റുകൾകൊണ്ട് ഒരു മീറ്ററിലധികം ജലനിരപ്പാണ് ഇവിടെ ഉയർന്നത്. പ്രദേശത്ത് തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരോടും സംഭവസ്ഥലത്ത് നിന്നും പിൻമാറാൻ നിർദേശം നൽകി. എന്നാൽ, ഏകദേശം ഒരു മണിക്കൂർ കൊണ്ട് ജലനിരപ്പ് താഴ്ന്നു. ഇതിന് പിന്നാലെയാണ് രക്ഷാപ്രവർത്തനം പുനരാരംഭിച്ചത്.
ദുരന്തഭൂമിയിൽ നിന്നും 36 മൃതദേഹങ്ങൾ കണ്ടെടുത്തു. അതേസമയം, ഇനിയും 169 പേരെകൂടി കണ്ടെത്താൻ ഉണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ നൽകുന്ന സൂചന.
അതേസമയം, മിന്നൽ പ്രളയം നാശം വിതച്ച റെനി ഗ്രാമത്തിൽ ഋഷിഗംഗക്ക് കുറുകെയുള്ള കോൺക്രീറ്റ് പാലം ഒലിച്ചുപോയതോടെ ചൈന അതിർത്തിയിലേക്ക് റോഡ് മാർഗമുള്ള ഗതാഗതം ദുഷ്കരമായി. ഇവിടെയുള്ള ഗ്രാമീണർക്ക് ഹെലികോപ്ടർ വഴിയാണ് ഭക്ഷണപദാർഥങ്ങൾ അടക്കമുള്ളവ സേന എത്തിച്ചുനൽകുന്നത്.
Read also: നിയമസഭാ തിരഞ്ഞെടുപ്പ്; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് കേരളത്തിൽ







































